തൊടുപുഴ: നെല്ലാപ്പാറ വളവിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും മിഠായിയുമായി ഈരാറ്റുപേട്ടയ്ക്ക് പോയ ലോറിയാണ് പുറപ്പുഴ ബൈപാസിനു സമീപം മറിഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ലോറി റോഡിൽ വട്ടം മറിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. കരിങ്കുന്നം എസ്‌.ഐ ബൈജു ബാബുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി വാഹന ഗതാഗതം നിയന്ത്രിച്ചു. അപകടത്തെ തുടർന്ന് ലോറിയിൽ നിന്ന് ഡീസൽ ചോർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സെത്തി റോഡിൽ വീണ ഡീസൽ കഴുകി നീക്കി. വൈകിട്ട് അഞ്ചരയോടെ ക്രെയിനെത്തിച്ച് ലോറി ഉയർത്തി മാറ്റി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു.