
നെടുങ്കണ്ടം:സെപ്ടിക് ടാങ്ക് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. രാമക്കൽമേട് തോവാളപടി ചിറയിൽപുത്തൻവീട്ടിൽ മാത്തുക്കുട്ടി(65) ആണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോട് ചേർന്ന് സെപ്ടിക് ടാങ്ക് നിർമിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴി ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. രണ്ടാൾ താഴ്ചയുള്ള കുഴിയിലേയ്ക്ക് മണ്ണും വലിയ കല്ലുകളും ഇടിഞ്ഞ് മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്ന രണ്ട് ജോലിക്കാരുടെ ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു. മാത്തുകുട്ടിയുടെ ദേഹത്തേയ്ക്ക് വലിയ കല്ല് വീണ് തലയ്ക്ക് മാരകമായി പരിക്കേറ്റു. കഴിഞ്ഞദിവസമാണ് നിർമാണത്തിനായി കുഴിയെടുത്തത്. ഇന്നലെ ഇതിലെ മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടി മരണമടഞ്ഞു. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്തുകുട്ടിയുടെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.