ഇടുക്കി: യു. ഡി. എഫ് ആഹ്വാനം ചെയ്ത ഇടുക്കി ഹർത്താൽ ഇന്ന് നടക്കും. ഭൂനിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തിൽ സീറോ ബഫർസോൺ എന്ന യു.ഡി.എഫ് തീരുമാനം പുനഃസ്ഥാപിക്കുക, കെട്ടിട നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.
ഇടതുപക്ഷ സർക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരെയുള്ള താക്കീതായിരിക്കും ഹർത്താലെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ് എന്നിവർ പറഞ്ഞു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടത്തുന്ന ഹർത്താലിൽ എല്ലാവരും സഹകരിക്കണമെന്ന് നേതാക്കന്മാർ അഭ്യർത്ഥിച്ചു. ശബരിമല തീർത്ഥാടകർ, വിവാഹം, പാൽ വിതരണം, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന സർക്കാർ കാലാകാലങ്ങളിൽ കർഷകരക്ഷയ്ക്കടക്കം ആവശ്യമായ നടപടികൾ ചെയ്യാത്തത്മൂലം ജില്ലയിലുണ്ടായിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് തലയൂരാനുള്ള എൽ. ഡി. എഫ് ശ്രമം ജനങ്ങൾ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.