തൊടുപുഴ: കേരളത്തിലെ ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും ഇതിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന് ഭയപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ആരെയും അനുവദിക്കില്ലന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. തൊടുപുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി മന്ത്രി.

ചട്ട ഭേദഗതി വരുത്തുമ്പോൾ പൂർണ്ണമായും നിയമത്തിന്റെ മുൻകാല പ്രാബല്യം കൂടി വേണ്ടി വരും. നിയമത്തിന്റെ കെട്ടുറപ്പോടെ മാത്രമേ അക്കാര്യം കൃത്യമായി ചെയ്യാനാകു. ചീഫ് സെക്രട്ടറിയും നിയമ,റവന്യൂ വകുപ്പിന്റെയും അഡീഷണൽ സെക്രട്ടറിമാരും ഉൾപ്പെട്ട സംഘത്തെ സബ് കമ്മിറ്റിയായി ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കേവലം ചട്ടഭേദഗതി എന്ന വിഷയം ഉന്നയിച്ച് കൊണ്ട് ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകൾക്ക് കോട്ടം വരാത്ത രീതിയിൽ ഭേദഗതി വരുത്താനാകും ശ്രമിക്കുക. ചട്ടം ഭേദഗതി ചെയ്യുമ്പോൾ ആരെയും ഇറക്കിവിടുന്ന നടപടിയുണ്ടാകില്ല. ഇടുക്കിയിൽ 6000 പേരെ കുടിയിറക്കുമെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. കയ്യേറ്റ പ്രശ്‌നങ്ങളിലൊഴികെ ഇത്തരം നോട്ടീസ് നൽകിയതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഭരണപ്രതിപക്ഷ ചർച്ചകൾക്ക് വിധേയമായി മാത്രമേ നിയമഭേദഗതി ഉണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാർ ഇക്കാനഗറിൽ ദേവികുളം മുൻ എംഎൽഎ രാജേന്ദ്രനെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചരണം ശരിയല്ല. ഏതെങ്കിലും വ്യക്തിയെ ആക്രമിക്കാനുള്ള നീക്കം സർക്കാരിനില്ല. ആളുകളെ കുടിയിറക്കുന്നത് സർക്കാരിന്റെ നയമല്ല. ഇവിടെ കൈവശ രേഖകൾ ഹാജരാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇതിന്റെ പേരിൽ ആരെയും കുടിയിറക്കുന്ന നടപടിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.