പീരുമേട്: കാനനപാതയിലൂടെ സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ശബരമലയിലേക്ക് കാൽ നടയായി യാത്ര ചെയ്ത് സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. സത്രത്തിൽ നിന്നും പുല്ലുമേട് വഴി ശബരിമല സന്നിധാനത്തെത്തുന്ന 16 കിലോമീറ്റർ കാനനപാതയിലൂടെ ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായരും പീരുമേട് തഹസിൽദാർ അജിത്ത് ജോയിയും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സുരക്ഷ വിലയിരുത്താൻ കാൽ നടയായി യാത്രതിരിച്ചത്. ഉദ്യോഗസ്ഥ സംഘം ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടവും സന്ദർശിച്ചു.
2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ഈ വർഷമാണ് വണ്ടിപ്പെരിയാർ സത്രം കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തിവിടുന്നത്. നൂറ്റാണ്ട് പഴക്കമുള്ള കാനനപാതയായ വണ്ടിപ്പെരിയാർ -വള്ളക്കടവ് -കോഴിക്കാനം- പുല്ലുമേട് -പൂങ്കാവനം- പാണ്ഡിത്താവളം വഴി ശബരിമലയിൽ എത്തുന്ന പുരാതന കാനനപാത 2011 ലെ പുല്ല്‌മേട് ദുരന്തമുണ്ടായതിനെ തുടർന്ന് നിരോധിച്ചിരിക്കയാണ്. ആനയും, കടുവയും, പുലിയും , കാട്ടുപോത്തുംയഥേഷ്ടം വിരഹിക്കുന്ന ഈ കാട്ടുപാതയിലൂടെ ശരണം വിളിച്ചുള്ള യാത്ര അയ്യപ്പഭക്തന്മാർക്ക് പുണ്യനിർവതി ലഭിക്കും എന്ന വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാ, കർണ്ണാടക, തുടങ്ങി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ കാൽനടയായി ഇതു വഴിയാണ് എത്തിയിരുന്നത്. വണ്ടിപ്പെരിയാറിലെ സത്രം ചെക്ക് പോസ്റ്റിൽ നിന്നും വനം വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾക്ക് ശേഷമാണ് കാനന പാതയിലേക്ക് ഭക്തരെ കടത്തിവിടുക. സത്രം, സന്നിധാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റ് എന്നിവ കൂടാതെ കാനനപാതയിലെ ആറ് പോയിന്റുകളിലും വനം വകുപ്പ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്.
മൂന്ന് കിലോമീറ്റർ വ്യത്യാസത്തിൽ ഇക്കോ ഗാർഡുകളും തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ പ്രവർത്തിക്കുന്നു. വഴിയിൽ ഭക്തർക്ക് ആവശ്യമുള്ള വെള്ളവും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്. പുല്ലുമേട്ടിൽ അയ്യപ്പഭക്തർക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളോടു കൂടിയ കടകളും എമർജൻസി മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് വണ്ടി പെരിയാർ സത്രം വരെ വാഹനങ്ങളിൽ എത്താം.