തൊടുപുഴ: ഭൂമിപതിവ് ചട്ട ഭേദഗതി വൈകുന്നത് സർക്കാരിന്റെ ആത്മാർത്ഥത മൂലമെന്ന റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവന അവിശ്വസനീയവും ആത്മാർത്ഥതയില്ലാത്തതും ആണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ: എം ജെ ജേക്കബ് ആരോപിച്ചു. ഭേദഗതിക്ക് ശേഷം പുതിയ ചട്ടങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടരുതെന്ന് സർക്കാരിന് താല്പര്യമുള്ളതുകൊണ്ടാണ് നിയമനിർമ്മാണം വൈകുന്നതെന്ന വാദം നിരർത്ഥകവും അവിശ്വസനീയവുമാണ്. 1964 ലെയും 1993 ലെയും ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ എ ജിയുടെ നേതൃത്വത്തിൽ ചട്ടം തയ്യാറാക്കിയിട്ട് ഒരു വർഷം പൂർത്തിയായി. ഈ ചട്ടങ്ങൾ ഉത്തരവാദിത്തപ്പെട്ട അഡ്വക്കേറ്റ് ജനറലും നിയമ വകുപ്പ് സെക്രട്ടറിയും റവന്യൂ വകുപ്പ് സെക്രട്ടറിയും ഉൾപ്പെടെയുള്ള സബ് കമ്മിറ്റിയാണ് തയ്യാറാക്കിയത്. ഇതിനു ശേഷം ഒരു വർഷം പൂർത്തിയായെങ്കിലും ഈ ചട്ടങ്ങൾ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തി നിയമമാക്കാൻ കഴിയാത്തത് സർക്കാരിന് ആത്മാർത്ഥത ഇല്ലാത്തതിന്റെ വ്യക്തമായ തെളിവാണ്.
ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ബില്ലുകളും ഞൊടിയിടയിൽ തയ്യാറാക്കി നിയമസഭയിൽ അവതരിപ്പിച്ച പാസാക്കിയ സർക്കാർ ഭൂമി പതിവ് ചട്ടങ്ങളിൽ മാത്രം ഭേദഗതി വരുത്തുന്നതിന് ഇത്രമാത്രം കാലതാമസവും വരുത്തേണ്ടതായ കാരണങ്ങളില്ലെന്ന് എല്ലാവർക്കും അറിയാം. സിപിഎമ്മും സിപിഐയും തമ്മിലുള്ള പോരാണ് യഥാർത്ഥത്തിൽ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് കാലതാമസം വരുത്തുന്നത്. ഈ കാലതാമസം മൂലം ഇടുക്കി ജില്ലയിൽ നിർമ്മാണ നിരോധനം സർക്കാർ ഏർപ്പെടുത്തിയിരിക്കുകയാണ്. ഭൂമിയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകുന്നില്ല. ജില്ലയിൽ എത്തിയ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിരുദ്ധ നിലപാടുകളാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ റവന്യൂ മന്ത്രി വീണ്ടും ചട്ട ഭേദഗതി വരുത്തും എന്ന് പറയുന്നത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ ജനപങ്കാളിത്തവും ജനരോഷവും ആളിക്കത്തിയത് തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നും പ്രൊഫ. ജേക്കബ് ആരോപിച്ചു.