തൊടുപുഴ: മഹാത്മാഗാന്ധി സർവ്വകലാശാല മുട്ടം കാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ടൂറിസം പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായി.വൈദ്യുതി,പ്ലംബിംഗ്,പെയിന്റിംഗ്,ചുറ്റ് മതിൽ എന്നിങ്ങനെ ജോലികളാണ് ഇനിയുള്ളത്.10കോടി വിനിയോഗിച്ച് രണ്ട് നിലകളിലായി 40,000 ചതുരശ്ര വിസ്തീർണ്ണമുളള കെട്ടിട സമുച്ചയമാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.എം ജി സർവ്വകലാശാലക്ക് കീഴിൽ പുതിയതായി ആരംഭിക്കുന്ന കോഴ്സുകൾ മിക്കതും മുട്ടം ക്യാമ്പസിൽ പ്രവർത്തിപ്പിക്കാനാണ് ഉന്നത തലത്തിലുളള തീരുമാനം. ഇതിന്റെ മുന്നോടിയായിട്ടാണ് ടൂറിസം പഠനകേന്ദ്രം ആരംഭിക്കുന്നതെന്ന് സർവ്വകലാശാല അധികൃതർ പറഞ്ഞു.എം ജി സർവ്വകലാശാലയുടെ കീഴിൽ നിലവിൽ മുട്ടത്ത് പ്രവർത്തിക്കുന്ന വിശാലമായ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിന്റെ സമീപത്താണ് ടൂറിസം പഠന കേന്ദ്രവും ഒരുങ്ങുന്നത്. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയോട് ചേർന്ന് സർവ്വകലാശാലക്ക് മുട്ടം കാമ്പസിൽ 25 ഏക്കറോളം സ്ഥലം സ്വന്തമായിട്ടുണ്ട്.വിസ്തൃതമായ കാമ്പസിൽ പുതിയ മറ്റ് കോഴ്‌സുകളും ആരംഭിക്കാനുള്ള സ്ഥല സൗകര്യവുമുണ്ട്. സർവ്വകലാശാലയുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിങ്ങ് കോഴ്സുകളാണ് (ഡിഫ്റന്റ് സ്‌കൂൾസ് ) നിലവിൽ പ്രവർത്തിച്ച് വരുന്നത്. ഇതിൽ പ്രധാനപ്പെട്ട ടീച്ചിങ്ങ് കോഴ്സുകൾ മിക്കതും അതിരമ്പുഴയിൽ സർവ്വകലാശാല ആസ്ഥാനത്ത് തന്നെയാണ് പ്രവർത്തിക്കുന്നതും.സ്‌കൂൾ ഓഫ്‌സോഷ്യൽ സയൻസ്,സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗ്‌തോട്ട് എന്നിങ്ങനെയുള്ള മറ്റ് ചില സ്‌ക്കൂളുകൾ സർവകലാശാല ആസ്ഥാനത്തിന് പുറത്തുള്ള ക്യാമ്പസുകളിലും പ്രവർത്തിക്കുന്നുണ്ട്.മുട്ടം ക്യാമ്പസിൽ സജ്ജമാകുന്ന ടൂറിസം പഠന കേന്ദ്രത്തിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ്,മാസ്റ്റർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആന്റ്‌ലോജിസ്റ്റിക്ക്സ്,മാസ്റ്റർ ഓഫ്‌ഹോട്ടൽ മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ കോഴ്സുകളാണ് ഉൾപ്പെടുന്നത്.
മുട്ടം കാമ്പസിലേക്ക് എത്തുന്ന പുതിയ പദ്ധതികൾ
സിനിമ,ടെലിവിഷൻകോഴ്സുകൾക്കായുളള ഫിലിം ഇൻസ്റ്റിറ്റൂട്ട്. സർട്ടിഫിക്കറ്റ് ഇൻ ഡിപ്ലോമ, ഹൃസ്വകാലകോഴ്സുകൾക്കുള്ള ഡയറക്ടറേറ്റ്‌ഫോർ അപ്ലൈഡ്‌ഷോർട്ട് ടെം പ്രോഗ്രാംസിന്റെ പ്രാദേശികകേന്ദ്രം. പി എച്ച് ഡി, എം ഫിൽ പ്രോഗ്രാംസ്.
വിദ്യാഭ്യാസ സ്ഥാപന ഹബ്ബ്
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ സമ്പന്നമായ മുട്ടം പഞ്ചായത്ത് പ്രദേശം ജില്ലയുടെ വിദ്യാഭ്യാസ ഹബ്ബായി മാറുകയാണ്.ഗവ. പോളിടെക്നിക്ക് കോളേജ്,യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്,ഐ എച്ച് ആർ ഡി കോളേജ്,ഐ എച്ച് ആർ ഡി ടെക്നിക്കൽ എച്ച് എസ് എസ്, ഗവ.എച്ച് എസ് എസ്,ആരോഗ്യ വകുപ്പിന്റെ നഴ്സിംഗ് സ്ക്കൂൾ,പഞ്ചായത്ത് എൽ.പി സ്കൂൾ,ഐ.ടി.സി,അൺ എയ്ഡഡ്- സ്വകാര്യ മേഖലയിലെ മറ്റ് നിരവധി സ്‌ക്കൂളുകൾ എന്നിങ്ങനെ സ്ഥാപനങ്ങളും മുട്ടം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.