അടിമാലി: കുളത്തൂപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ അടിമാലി ടെക്‌നിക്കൽ സ്‌കൂളിന് അഭിമാനനേട്ടം. ശാസ്‌ത്രോത്സവത്തിലാണ് സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഒന്നാം സ്ഥാനത്തെത്തിയത്.46 സ്‌കൂളുകൾ പങ്കെടുത്തതിൽ നിന്ന് 9 വ്യത്യസ്ഥ ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയതോടെ 61 പോയന്റുമായി സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തി 50പോയന്റ് നേടിയ നെയ്യാറ്റിൻകര സ്‌കൂൾ രണ്ടാം സ്ഥാനത്തെത്തി. തുടർച്ചയായി ഇത് രണ്ടാം തവണയാണ് അടിമാലി ഒന്നാം സ്ഥാനം കൈയ്യടക്കുന്നത്.ഇതിന് മുമ്പ് 2019 ലാണ് സംസ്ഥാന തലത്തിൽ ശാസ്‌ത്രോത്സവത്തിൽ ഒന്നാമതെത്തിയത്. കോവിഡ് മഹാമാരിയെത്തുടർന്ന് രണ്ട് വർഷമായി മത്സരം നടത്തിയിരുന്നില്ല. വ്യക്തിഗത ഇനത്തിൽ പാഴ്‌സ്തു ഉത്പന്ന നിർമ്മാണത്തിൽ അഫ്‌ന ഫാത്തിമ ഷെമീർ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡലിൽ അഭിനന്ദ് എം.ബി.രണ്ടാം സ്ഥാനവും നേടി.ദേവിക ശുചീന്ദ്രൻ ,അഭിഷേക് സുനിൽ(സ്റ്റിൽ മോഡൽ ) മെഹബിൻഷെമീർ (വർക്കിംഗ് മോഡൽ ) ആകാശ് ഐ.വി (ഇലക്ട്രോണിക്‌സ് ) മുഹമ്മദ് അമാൻ നിഷാദ് (ഇലക്ട്രിക്കൽ) ആദിത്യൻ എം.എസ് (ഷീറ്റ് മെറ്റൽ) ശ്രീ നന്ദൻ ബാബു (കാർപ്പെറ്റ്രി) എന്നിവർ എ ഗ്രേഡ് നേടി.സ്‌കൂൾ വക സ്റ്റാളിനും വ്യക്തിഗത ഇനത്തിൽ ഒന്നാം സ്ഥാനം നേടാനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി.ഷാന്റി പി.പി.ശശിധരൻ വി.എൻ, ജിനു പോൾ, ഷിബു .പി.ആർ, ശ്യാം രാജ് തുടങ്ങിയ അദ്ധ്യാപകരാണ് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും, പിന്തുണയും നൽകിയത്.