വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ വിശേഷാൽ ഷഷ്ഠിപൂജയും വൃശ്ചികമാസ ചതയ പ്രാർത്ഥനയും ഇന്നും നാളെയുമായി നടക്കും. എല്ലാ മാസവും നടന്നു വരുന്ന വിശേഷാൽ ഷഷ്ഠിയോടനുബന്ധിച്ച് ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും കലശവും സുബ്രഹ്മണ്യ സ്തുതികളോടെയുള്ള പ്രാർത്ഥനയും നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികൾ മുഖ്യകാർമ്മികത്വം വഹിക്കും. പ്രമുഖ ഗുരുധർമ്മ പ്രചാരക നിർമ്മല മോഹൻ പ്രാർത്ഥനാ ചടങ്ങുകൾക്ക് ആചാര്യ സ്ഥാനം വഹിക്കും.
എല്ലാ മാസവും നടന്നു വരുന്ന ചതയദിന പ്രാർത്ഥന നാളെ ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, പ്രാർത്ഥന, ശാന്തി ഹവനം (ഹോമം) എന്നിവയോടെ നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി പ്രാർത്ഥനാ യജ്ഞത്തിന് മുഖ്യകാർമ്മികത്വം വഹിക്കും. ജിജി രാജു കണ്ണിപറമ്പത്ത് ചതയദിന പ്രാർത്ഥനയും അമൃത ഭോജനവും ഗുരുദേവ തൃപ്പാദങ്ങളിൽ കാണിക്കയായി സമർപ്പിക്കും. ഗുരു പുഷ്പാഞ്ജലിയിലും ശാന്തി ഹവനത്തിലും പങ്കെടുക്കാൻ എല്ലാ ഗുരുദേവ ഭക്തർക്കും സൗകര്യം ഒരുക്കും. ചതയ പ്രാർത്ഥന സമർപ്പണ ശേഷം മാതൃസമിതി രൂപീകരണവും ക്ഷേത്ര സന്നിധിയിൽ നടക്കും.