തൊടുപുഴ/ കട്ടപ്പന: ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി യു.ഡി.എഫ് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണ്ണമായിരുന്നു. ഒരിടത്തും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ജില്ലയിലെ പ്രധാന ടൗണുകളിലടക്കം കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. പെട്രോൾ പമ്പുകളും ഭക്ഷണശാലകളും അടഞ്ഞുകിടന്നത് ശബരിമല തീർത്ഥാടകരടക്കമുള്ള വാഹനയാത്രികരെ വലച്ചു. ഹൈറേഞ്ചിൽ കട്ടപ്പനയടക്കമുള്ള പല ടൗണുകളിലും തുറന്ന കടകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസടക്കമുള്ളമുള്ള വാഹനങ്ങളും തടഞ്ഞു. സ്വകാര്യ വാഹനങ്ങൾ ഭൂരിഭാഗവും ഉച്ചകഴിഞ്ഞാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. എന്നാൽ കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് സർവീസുകൾ നടത്തി. ഹൈറേഞ്ച് മേഖലയിലേക്കടക്കം കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത് യാത്രാ ദുരിതം കുറച്ചു. കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 27 ബസുകൾ സർവീസ് നടത്തി. തൊടുപുഴ ഡിപ്പോയിൽ നിന്ന് 33 സർവീസുകൾ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. മൂലമറ്റം ഡിപ്പോയിൽ നിന്നും ആറും മൂന്നാറിൽ നിന്ന് ഒമ്പതും സർവീസുകൾ നടത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ അതിർത്തിവരെ മാത്രമാണ് സർവീസ് നടത്തിയത്. ടൂറിസം മേഖലയെയും ഹർത്താൽ കാര്യമായി ബാധിച്ചു. ജില്ലാ ആസ്ഥാന മേഖലയിലും കടകേമ്പാളങ്ങൾ അടഞ്ഞു കിടന്നെങ്കിലും സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. കുമളി,​ പീരുമേട്,​ രാജാക്കാട്, അടിമാലി, കുമളി, രാജകുമാരി, സേനാപതി, നെടുങ്കണ്ടം മേഖലകളിലും ഹർത്താൽ പൂർണ്ണമായിരുന്നു. കളക്ട്രേറ്റിലടക്കം സർക്കാർ ഓഫീസുകൾ പലതും തുറന്നു പ്രവർത്തിച്ചെങ്കിലും ഹാജർനില കുറവായിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ചിലത് തുറന്നു പ്രവർത്തിച്ചു. പല സ്കൂളുകളിലും കോളേജുകളിലും ഓൺലൈനായി ക്ലാസ് നടത്തി. പ്രധാന ടൗണുകളിൽ ഹർത്താലിനോടനുബന്ധിച്ചു യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പനയിൽ നടന്ന പ്രകടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഹർത്താൽ വിജയിപ്പിച്ച എല്ലാ വിഭാഗം ജനങ്ങൾക്കും യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും നന്ദി പറഞ്ഞു.

തോട്ടംമേഖലയെ ബാധിച്ചില്ല

പീരുമേട്: ഹർത്താൽ തോട്ടമേഖലയിൽ ഭാഗികമായ പ്രതികരണമാണ് ഉണ്ടാക്കിയത്. എ.വി.ടി പ്ലാന്റേഷൻസ്, ഹാരിസൺ മലയാളം എസ്റ്റേറ്റ്, പോബ്‌സ് തുടങ്ങിയ വൻകിട തോട്ടങ്ങളും ചെറുകിട തേയില തോട്ടങ്ങളും പ്രവർത്തിച്ചു. മൂന്നാർ,​ വണ്ടിപ്പെരിയാർ, പാമ്പനാർ, ഏലപ്പാറ തുടങ്ങിയ തോട്ടംമേഖലയിലെ ടൗണുകളിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കുമളി, കോട്ടയം, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നുള്ള ബസുകൾ സർവീസുകൾ നടത്തി. കുമളിയിൽ നിന്ന് പമ്പയ്ക്കുള്ള ബസും സർവ്വീസുകൾ നടത്തി. സ്വകാര്യ ബസുകൾ അതിരാവിലെ സർവീസ് നടത്തി. രാവിലെ ഏഴിന് ശേഷം കുമളിയിൽ നിന്ന് സ്വകാര്യ ബസുകൾ ഓടിയില്ല. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തടസമില്ലാതെ ഓടി.