etattayaer

ഇടുക്കി: ഇരട്ടയാർ പഞ്ചായത്ത് ആക്രി വ്യാപാരത്തിലേയ്ക്ക്. പ്രസിഡന്റ് ജിൻസൺ വർക്കി നൽകിയ കട്ട സപ്പോർട്ടിനെ തുടർന്നാണ് തൊഴിൽ സംരംഭമെന്ന നിലയിൽ പഞ്ചായത്തിന്റെ മേൽവിലാസത്തിൽ ആക്രി വ്യാപാര സംരംഭം തുടങ്ങാൻ ഹരിതകർമ്മ സേനയ്ക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയത്. ഇതനുസരിച്ച് കുടുംബശ്രീ മൈക്രോ സംരംഭമായി രജിസ്റ്റർ ചെയ്ത് തൊഴിൽ യൂണിറ്റ് പ്രവർത്തനവുമാരംഭിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പാഴ് വസ്തുക്കൾ ഏറ്റെടുത്തുകൊണ്ട് ആദ്യ ബിസിനസിനും തുടക്കമിട്ടു. ഇവിടത്തെ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച തരം തിരിച്ചതും അല്ലാത്തതുമായ 600 കിലോ പാഴ് വസ്തുക്കളാണ് ഏറ്റെടുത്തത്. ഇവ ഇരട്ടയാർ പഞ്ചായത്തിന്റെ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിൽ കൊണ്ടുവന്ന് തരം തിരിച്ച് റീസൈക്ലിംഗിന് കൈമാറും.

മറ്റേത് ഏജൻസികളും നൽകുന്നതിനേക്കാൾ കൂടിയ വില നൽകിയാണ് ഹരിതകർമ്മ സേനാ യൂണിറ്റ് പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളുമെല്ലാം ഏറ്റെടുക്കുന്നതെന്ന് യൂണിറ്റ് ഭാരവാഹികളായ പി.ടി. നിഷാമോൾ, ലിജിയമോൾ ജോസഫ് എന്നിവർ പറഞ്ഞു. ഗുളികയുടെ സ്ട്രിപ്പുകളും മൾട്ടി ലെയർ പ്ലാസ്റ്റിക്കുമെല്ലാം ഏറ്റെടുക്കുന്നുണ്ട്. ഹരിതകർമ്മ സേനാംഗങ്ങളായ എ.എസ്. അനിത, നിഷ രാജേന്ദ്രൻ, സുനി സിബി, ട്രിൻസി ജിനേഷ് എന്നിവരാണ് ഈ നൂതന തൊഴിൽ യൂണിറ്റിലെ മറ്റംഗങ്ങൾ. ഇവരടക്കമുള്ള പഞ്ചായത്തിലെ എല്ലാ ഹരിതകർമ്മ സേനാംഗങ്ങൾക്കും പാഴ് വസ്തുക്കൾ തരം തിരിക്കുന്നതിൽ ഹരിതകേരളം മിഷൻ പരിശീലനം നൽകിയിരുന്നു.

''പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ പാടുപെടുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൂടുതൽ വരുമാനമുണ്ടാക്കുന്നതിനാണ് തൊഴിൽ യൂണിറ്റ് കൂടി ആരംഭിച്ചത്. പാമ്പാടുംപാറ പഞ്ചായത്തും പാഴ് വസ്തുക്കൾ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതും ഉടൻ ഏറ്റെടുക്കും"

-പ്രസിഡന്റ് ജിൻസൺ വർക്കി