പീരുമേട്: തോട്ടംമേഖലയിലെ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കോൺഫറൻസ് പരാജയപ്പെട്ടു. തോട്ടം തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ട പ്രകാരം കൂലി വർദ്ധിപ്പിച്ച് നൽകാൻ തോട്ടം ഉടമകൾ തയ്യാറായില്ല. 700 രൂപ കുറഞ്ഞശമ്പളമാക്കണമെന്ന തൊഴിലാളി യൂണിയനുകളുകളുടെ ആവശ്യം ഉടമകൾ അംഗീകരിക്കാൻ തയ്യാറാകത്തതിനെത്തുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു.തൊഴിലളി യൂണിയനുകളെ പ്രതിനിധീകരിച്ച് വാഴൂർ സോമൻ എം.എൽ.എ , എം.വൈ. ഔസേപ്പ്, പി.മൂർത്തി, രവി ഇളമണ്ണൂർ ,(എ.ഐ.ടി.യു.സി ),പി.എസ് .രാജൻ, കെ. എസ്. മോഹനൻ, ജയദേവൻ, (സി.ഐ.ടി.യു), എ.കെ.മണി എക്‌സ്.എം.എൽ.എ, പി.ജെ. ജോയി എക്‌സ് എം.എൽ.എ ,(ഐ.എൻ.റ്റി.യു.സി),വി.ബേബി,( യു.ടി.യു.സി.) സന്താഷ് ( ബി.എം.എസ് ) എന്നിവർ പങ്കെടുത്തു. തോട്ടം ഉടമകൾശമ്പള വർദ്ധനവ് അംഗീകരിക്കാതെ വന്നതോടെ ഇത് നാലാം തവണയാണ് ചർച്ച പരാജയപ്പെട്ടത് . 2022 ജനുവരിയിൽ പുതിയ ശമ്പളകരാർ നിലവിൽ വരേണ്ടതായിരുന്നു. അന്നു മുതൽ കൂടിയ ശമ്പളം നൽകണമെന്ന ആവശ്യമാണ് തൊഴിലാളിയൂണിയൻ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചത്. 427.35രൂപയാണ് തൊഴിലാളികളുടെ നിലവിലുള്ള കൂലി. തോട്ടംമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ 15 രൂപ മാത്രമേ കൂട്ടി നൽകാൻ കഴിയൂ എന്ന് തോട്ടം ഉടമകൾ നിലപാടെടുത്തു. എന്നാൽ മുൻകരാറിനെക്കാളും വർദ്ധന വേണമെന്ന് തൊഴിലാളി യൂണിയനുകൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
എന്നും കുറഞ്ഞ കൂലി
ഇപ്പോഴും ഏറ്റവും കുറഞ്ഞ കൂലി നിലനിൽക്കുന്നത് ഏലം,തേയില തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ജീവിത ചെലവുകൾ വർദ്ധിച്ചു. മുൻപ് എല്ലാ തോട്ടങ്ങളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിച്ചിരുന്നു. ഇപ്പോൾ ഈ ചികിത്സാ സൗകര്യം അന്യമായിരിക്കുകയാണ്. തൊഴിലാളികളുടെ വീടുകൾ അറ്റകുറ്റപ്പണികൾ ചെയ്യണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകണമെന്ന ആവശ്യവും നടപ്പിലാകുന്നില്ല.