തൊടുപുഴ : ഉപ്പുതുറ കണ്ണംപടി ട്രൈബൽ സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഫണ്ട് ലഭ്യമാക്കുന്ന കാര്യത്തിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉചിതമായ നപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. കണ്ണംപടി ട്രൈബൽ സ്‌കൂളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് ഒരു മൂന്നു നില കെട്ടിടം നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ഗോത്രസാരഥി പദ്ധതി വീണ്ടും തുടങ്ങാൻ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാരിലേക്ക് സമർപ്പിച്ച പദ്ധതി പ്രകാരം ഫണ്ട് ലഭ്യമായാൽ സ്‌കൂളിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. പട്ടികജാതി വിദ്യാർത്ഥികൾക്ക് വകുപ്പ് നേരിട്ട് പ്രഭാത ഭക്ഷണം ക്രമീകരിച്ചു നൽകുന്ന പദ്ധതി നിലവിലില്ലെന്ന് പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ ഡിസംബർ 26 നകം കമ്മീഷനെ അറിയിക്കണം. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി. കേസ് ഡിസംബർ 31 വീണ്ടും പരിഗണിക്കും.