 
തൊടുപുഴ: കൊവിഡ് മഹാമാരി മൂലം രണ്ട് വർഷത്തോളം ചെപ്പിലൊളിച്ച കലാമികവ് ഇനിയുള്ള നാല് ദിനരാത്രങ്ങൾ മുതലക്കോടത്തിന്റെ മണ്ണിൽ പുതുവിസ്മയം തീർക്കും. 33-ാമത് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം 'ഉണർവ്വ്- 2k22 "ന് ഇന്ന് മുതലക്കോടം സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂളിൽ തിരിതെളിയും. നാല് ദിവസം പത്ത് വേദികളിലായി നടക്കുന്ന കൗമാരോത്സവത്തിൽ ഏഴ് ഉപജില്ലകളിൽ നിന്നായി 3500 ഓളം മത്സരാർത്ഥികൾ കലാമികവ് പ്രകടമാക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതലക്കോടം സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂൾ, സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ, സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, സെന്റ് ജോർജ്ജ് പാരീഷ് ഹാൾ എന്നിവിടങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. 150 വിധികർത്താക്കളാണ് മത്സരഫലം നിർണയിക്കുക.
ഇന്ന് രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബിന്ദു പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. ആദ്യദിനമായ ഇന്ന് വയലിൻ, ഗിത്താർ, ട്രിപ്പിൾ, ജാസ്, പദ്യംചൊല്ലൽ, പ്രസംഗം, ബാൻഡ്, തായമ്പക, ചെണ്ടമേളം, ഓടക്കുഴൽ, തബല, നാദസ്വരം, മൃദംഗം, വൃന്ദവാദ്യം, ക്ലാർനെറ്റ്, ബ്യൂഗിൾ, കഥാ- കവിതാ- ചിത്രരചന, ഉപന്യാസം, കാർട്ടൂർ, കൊളാഷ് എന്നിവ അരങ്ങേറും.
കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ നെയ്യശ്ശേരി എസ്.എൻ.സി.എം എൽ.പി സ്കൂൾ അദ്ധ്യാപകൻ സി.എം. സുബൈറിനും 'ഉണർവ്വ് " എന്ന പേര് നിർദ്ദേശിച്ച മാങ്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർത്ഥി എഡ്വിൻ ജിമ്മിയ്ക്കും ചടങ്ങിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് പുരസ്‌കാരം സമ്മാനിക്കും.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് 501 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സെന്റ് ജോർജ്ജ് യു.പി സ്കൂളിൽ മത്സരാർത്ഥികൾക്ക് നാല് നേരവും വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാകും. ഹൈറേഞ്ചിൽ നിന്നുള്ള കുട്ടികൾക്ക് താമസിക്കാനായി രണ്ട് സ്കൂളുകളിലായി സൗകര്യമൊരുക്കിയിട്ടുണ്ട്.
ഡിസംബർ മൂന്നിന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസി ജോണി അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു സന്ദേശം നൽകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബിന്ദു സമ്മാന വിതരണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബിന്ദു, മുതലക്കോടം എസ്.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജിജി ജോർജ്ജ്, പബ്ലിസിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ജോർജ്ജ് വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്പീൽ ഒരു മണിക്കൂറിനകം
മത്സരത്തിലെ വിധിപ്രഖ്യാപനത്തിൽ ആക്ഷേപമുള്ളവർ ഫലം വന്ന് ഒരു മണിക്കൂറിനകം അപ്പീൽ നൽകാവുന്നതാണ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മുമ്പാകെയാണ് പരാതി സമർപ്പിക്കേണ്ടത്. അപ്പീൽ കമ്മിറ്റി ആക്ഷേപം പരിശോധിക്കും.
വേദിയിൽ ഇന്ന്
 സ്റ്റേജ്- 1(പാരീഷ് ഹാൾ): മത്സരങ്ങളില്ല
 സ്റ്റേജ്- 2 (എസ്.ജി.എച്ച്.എസ് ഓഡിറ്റോറിയം): 9.30ന് എച്ച്.എസ് വയലിൻ (പാശ്ചാത്യം), 10.30ന് എച്ച്.എസ്.എസ് വയലിൻ (പാശ്ചാത്യം), 11.20ന് എച്ച്.എസ് ഗിത്താർ പാശ്ചാത്യം, 12.10ന് എച്ച്.എസ്.എസ് ഗിത്താർ പാശ്ചാത്യം, ഒന്നിന് എച്ച്.എസ്.എസ് ട്രിപ്പിൾ/ജാസ്.
 സ്റ്റേജ്- 3 (എസ്.ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയം): 9ന് രജിസ്ട്രേഷൻ, 10ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് പദ്യം ചൊല്ലൽ (മലയാളം), 1.40ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് പ്രസംഗം (മലയാളം); എസ്.ജി.എച്ച്.എസ്.എസ് ഗ്രൗണ്ട്: 9.30ന് എച്ച്.എസ് ബാന്റ്, 10.40ന് എച്ച്.എസ്.എസ് ബാന്റ്
 സ്റ്റേജ്- 4 (എസ്.എച്ച്.ജി.എച്ച്.എസ് ഓഡിറ്റോറിയം): മത്സരങ്ങളില്ല
 സ്റ്റേജ്- 5 (എസ്.എച്ച്.ജി.എച്ച്.എസ് ഓപ്പൺ സ്റ്റേജ്): എസ്.എച്ച്.ജി.എച്ച്.എസ് ഗ്രൗണ്ട്- 9.30ന് എച്ച്.എസ്, എച്ച്.എസ്.എസ് ചെണ്ട/ തായമ്പക, 12ന് എച്ച്.എസ്, എച്ച്.എസ്.എസ് ചെണ്ടമേളം.
 സ്റ്റേജ്- 6 (എസ്.ജി.എച്ച്.എസ് ഓപ്പൺ സ്റ്റേജ്): 9.30ന് എച്ച്.എസ് വയലിൻ (പൗരസ്ത്യം), 12.50ന് എച്ച്.എസ്.എസ് വയലിൻ (ഓറിയന്റൽ), 12.30ന് എച്ച്.എസ്, എച്ച്.എസ് ഓടക്കുഴൽ, 1.40ന് എച്ച്.എസ്, എച്ച്.എസ്.എസ് തബല, 3.20ന് എച്ച്.എസ്.എസ് നാദസ്വരം, 3.40ന് എച്ച്.എസ്, എച്ച്.എസ്.എസ് മൃദംഗം, 4.50ന് എച്ച്.എസ്.എസ് ക്ലാർനെറ്റ്/ ബ്യുഗിൾ, 5ന് എച്ച്.എസ്, എച്ച്.എസ്.എസ് വൃന്ദവാദ്യം
 സ്റ്റേജ്- 7 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം): 10.15ന് എച്ച്.എസ് പദ്യം ചൊല്ലൽ (ഹിന്ദി), 11ന് എച്ച്.എസ്.എസ് പദ്യംചൊല്ലൽ (ഹിന്ദി), 11.40ന് യു.പി പ്രസംഗം (ഹിന്ദി), 12.20ന് എച്ച്.എസ് പ്രസംഗം (ഹിന്ദി), 1ന് എച്ച്.എസ്.എസ് പ്രസംഗം (ഹിന്ദി), 1.40ന് യു.പി പദ്യംചൊല്ലൽ (ഹിന്ദി)
 സ്റ്റേജ്- 8 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം): 9.30ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് പദ്യംചൊല്ലൽ (ഇംഗ്ലീഷ്), 11.45ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് പ്രസംഗം (ഇംഗ്ലീഷ്).
 സ്റ്റേജ്- 9 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം)- 9.30ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് കഥാരചന (മലയാളം, ഹിന്ദി, ഇംഗ്ലീഷ്), 12ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് കവിതാരചന (മലയാളം, ഹിന്ദി, ഇംഗ്ലീഷ്), 2.30ന് എച്ച്.എസ്, എച്ച്.എസ്.എസ് ഉപന്യാസം (മലയാളം, ഹിന്ദി, ഇംഗ്ലീഷ്).
 സ്റ്റേജ്- 10 (എസ്.ജി.എച്ച്.എസ്.എസ് ക്ലാസ് റൂം): 9.30ന് എച്ച്.എസ്, എച്ച്.എസ്.എസ് ചിത്രരചന (പെൻസിൽ), 9.30ന് എച്ച്.എസ് ചിത്രരചന (എണ്ണഛായം), 11.30ന് എച്ച്.എസ്, എച്ച്.എസ്.എസ് ചിത്രരചന (ജലഛായം), 12ന് യു.പി ചിത്രരചന (പെൻസിൽ), 12ന് യു.പി ചിത്രരചന (ജലഛായം), 12ന് എച്ച്.എസ്, എച്ച്.എസ്.എസ് കാർട്ടൂൺ, 2ന് എച്ച്.എസ്.എസ് കൊളാഷ്, 4.15ന് എച്ച്.എസ്.എസ് ചിത്രരചന (എണ്ണഛായം)