balavakasham
കുഞ്ചിത്തണ്ണി ജി. എച്ച്. എസ്. സ്‌കൂളിൽ നടന്ന ബാലാവകാശ വാരാചരണത്തിന്റെ ജില്ലാതല സമാപനം ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: ജനിച്ചു വീഴുമ്പോൾ മുതൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ജില്ലാ കളക്ടർ ഷീബാ ജോർജ്. വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കുഞ്ചിത്തണ്ണി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ബാലാവകാശ വാരാചരണത്തിന്റെ ജില്ലാതല സമാപന യോഗവും സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
കുട്ടികളുടെ അവകാശങ്ങൾ ആദ്യം വീടുകളിലും പിന്നീട് സ്‌കൂളിലും തുടർന്ന് സമൂഹത്തിലും സംരക്ഷിക്കപ്പെടണം. ബാലാവകാശം കുട്ടികളുടെ അതിജീവനത്തിന്റെയും പുരോഗതിയുടെയും ഭാഗമാണെന്നും കളക്ടർ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പാർപ്പിടത്തിനും ധനസഹായം നൽകുന്നതിനായുള്ള 'ബാല നിധി' പദ്ധതിയിലേക്ക് സംഭാവന നൽകുന്നതിനായി തയ്യാറാക്കിയ ക്യൂ.ആർ കോഡിന്റെ പ്രകാശനവും ജില്ലാ കളക്ടർ നിർവഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത എം.ജി ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ആദ്യ സംഭാവന നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം പുഷ്പലത എം.എൻ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ' കുട്ടികൾക്കൊപ്പം' എന്ന പേരിൽ കുട്ടികളുമായി സംവാദം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്, എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ. പി. എ. നസീർ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഷൈജു ടി. കെ., മൂന്നാർ എക്‌സൈസ് റേഞ്ച് സി.ഐ. രാജീവ് പി. എന്നിവർ കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി.