അടിമാലി: ദേശീയ ഡെങ്കിദിനം ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും അടിമാലിയിൽ നടത്തി.. പൊതുസമൂഹത്തിൽ ഡെങ്കിപ്പനി മൂലമുള്ള രോഗാതുരതയും മരണങ്ങളും ഒഴിവാക്കുന്നതിന് പൊതുജനങ്ങൾക്ക് അറിവ് പകരുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാവർക്കർമാരും സന്നദ്ധപ്രവർത്തകരും പാരാമെഡിക്കൽ വിദ്യാർഥികളുംസ്‌കൂൾ വിദ്യാർഥികളും അണിനിരന്ന ഡെങ്കു ബോധവൽക്കരണ റാലിയും ഫ്‌ളാഷ് മോബും നടന്നു.
ചിത്തിരപുരം സി. എച്ച്. സി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ ജോർജ് മാമ്മൻ, സന്തോഷ് (ഡി.വി.ഐ. യൂണിറ്റ്, തൊടുപുഴ) എന്നിവർ ബോധവൽക്കരണ സെമിനാർ നയിച്ചു. ജീവനക്കാർക്കുള്ള പരിശീലന പരിപാടി, പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ പരിപാടി, കൊതുക് സാന്ദ്രതാ പഠനം സംബന്ധിച്ച വിശകലനം, പകർച്ചവ്യാധികളെ സംബന്ധിച്ച അവബോധം തുടങ്ങിയവയും സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി ച അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മനോജ് എൻ. വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സിയാദ്, സർവയലൻസ് ഓഫീസർ ഡോ. പി. കെ. സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസർ ജോസ് അഗസ്റ്റിൻ, ചിത്തിരപുരം സി. എച്ച്.സി. ഹെൽത്ത് സൂപ്പർവൈസർ ഇ.ബി. ദിനേശൻ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.