 
തൊടുപുഴ: ശക്തമായ കാറ്റിൽ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാറിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തൊടുപുഴ മണക്കാട് ജംഗ്ഷനു സമീപമായിരുന്നു സംഭവം. ടൗണിൽ മേരിമാതാ ദന്തൽ ക്ലിനിക് നടത്തുന്ന കോതായിക്കുന്ന് സ്വദേശി ഡോ. ബെന്നി അഗസ്റ്റിന്റെ കാറിന് മുകളിലേക്കാണ് മരം വീണത്. കനത്ത മഴയ്ക്കിടയിൽ വൈദ്യുതി ലൈൻ കൂട്ടിമുട്ടി രണ്ടുവട്ടം വലിയ ശബ്ദത്തോടെ തീ കത്തിയിരുന്നു. തുടർന്ന് മരത്തിന്റെ മുകൾഭാഗത്ത് തീപിടിക്കുകയും ശിഖരം ഒടിഞ്ഞു വീഴുകയും ചെയ്തു. തൊട്ടുപിന്നാലെ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. തൊടുപുഴ അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.