കട്ടപ്പന: ലബ്ബക്കട ജെ.പി.എം കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്‌.ഐ, കെ.എസ് .യു പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ എസ്.എഫ്‌.ഐ, കെ.എസ്.യു പ്രവർത്തകരായ ആറു പേർക്ക് പരുക്കേറ്റു. എസ്.എഫ്‌.ഐ ഏരിയാ സെക്രട്ടറി ശ്രീഹരി രാജ്, ജോയിന്റ് സെക്രട്ടറി വൈശാഖ് പി.ഷാജി, ജില്ലാ കമ്മിറ്റി അംഗം എം.എസ്.ഗൗതം എന്നിവർക്കും കെ.എസ് .യു പ്രവർത്തകരായ മൂന്നു പേർക്കും പരുക്കേറ്റു. ഇവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.യഥാസമയം നാമനിർദേശപത്രിക സമർപിക്കാനാകാത്തതിനാൽ കെഎസ് യുവിന്റെ നേതൃത്വത്തിലുള്ള പത്രിക സ്വീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് ഇവർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുമ്പോഴായിരുന്നു ഇരുവിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. വിദ്യാർത്ഥികളെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

അടിമാലിയിലും സംഘർഷം

അടിമാലി: ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അടിമാലി മാർ ബസേലിയോസ് കോളേജിൽ സംഘർഷം. വോട്ട് ചെയ്യാനെത്തിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ബസ്‌ സ്റ്റാൻഡിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിക്കുകയും വാേട്ട് ചെയ്യാതിരിക്കാൻ പ്രവർത്തിക്കുകയും ചെയ്തതായി എസ്.എഫ്.ഐ ആരാേപിച്ചു. തുടർന്ന് പ്രസിഡന്റിന്റെ വാഹനം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകരായ സി.എസ്. സുധീഷ്, അലൻ, നിഥിൻ സ്റ്റീഫൻ, എം.വി. വിഷ്ണു, കെ.എ. ഹാരിസ്, വിഷ്ണു എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ഒരു കുട്ടിയെ തന്റെ വാഹനത്തിൽ കോളേജ് വരെ കാെണ്ട് വിട്ടതേയുള്ളൂവെന്നും തെരഞ്ഞെടുപ്പാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രസിഡന്റ് സാേമൻ ചെല്ലപ്പൻ പറഞ്ഞു. കാേളജിൽ കെ.എസ്.യുവാണ് മുന്നിലെത്തിയത്.