കട്ടപ്പന: പോപ്പുലർ ഫ്രണ്ട് സംഘടനാ നിരോധനത്തിൽ പ്രതിഷേധിച്ച് രാമക്കൽമേട് ബാലൻപിള്ള സിറ്റിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ യു.എ.പി.എ ചുമത്തിയ അഞ്ച് പേർ കൂടി കീഴടങ്ങി. രാമക്കൽമേട് സ്വദേശികളായ വെള്ളറയിൽ അജ്മൽഖാൻ(33), ഇളംപുരയിടത്തിൽ അൻഷാദ്(38), വെച്ചിക്കുന്നേൽ വി.എ. അജ്മൽ(38), ഇടത്തറമുക്ക് ഷാജഹാൻ (48), ഇടത്തറമുക്ക് അമീൻ( 22) എന്നിവരാണ് പിടിയിലായത്. പ്രതികൾ കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന്റെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ മാർച്ച് 28നാണ് ഇവർ നെടുംകണ്ടത്തു മാർച്ചിന് നേതൃത്വം നൽകിയത്. രണ്ട് പേർ നവംബർ 3ന് ഡിവൈ. എസ് .പി മുൻപാകെ കീഴടങ്ങിയിരുന്നു. കേസെടുത്ത ശേഷം തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.