subeesh

മുതലക്കോടം: മഴവില്ലാടും മലയുടെ മുകളിൽ... ഊട്ടുപുരയിൽ ഭക്ഷണം കഴിക്കുന്നതിനിടെ മനോഹര ഗാനാലാപനം കേട്ടാണ് ഏവരും ശ്രദ്ധിച്ചത്. ഉപ്പുകുന്ന് ഗവ. ട്രൈബൽ എൽ.പി.എസിലെ അദ്ധ്യാപകൻ കെ.വി. സുബീഷാണ് ഊട്ടുപുരയെ സംഗീതസാന്ദ്രമാക്കി കരോക്കെ ഗാനമാലപിച്ചത്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും വിവിധ ഗായകരെ അനുകരിച്ചു പാടി റിയാലിറ്റി ഷോയിലടക്കം താരമായിട്ടുണ്ട് സുബീഷ് സർ. മലപ്പുറം മഞ്ചേരി സ്വദേശിയായ സുബീഷ് 10 വർഷമായി ജില്ലയിലെത്തിയിട്ട്. കഴിഞ്ഞ ഡിസംബറിലാണ് ഉപ്പുകുന്ന് സ്കൂളിലെത്തിയത്. മികച്ച തബലിസ്റ്റ് കൂടിയായ ഇദ്ദേഹം കോളേജ് പഠനകാലത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ കുടുംബസമേതം പട്ടയംകവലയിലാണ് താമസം.