കട്ടപ്പന :തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നിരാഹാര സത്യാഗ്രഹത്തിലേയ്ക്ക് നീങ്ങുന്നു. തോട്ടം ഉടമകൾ കഴിഞ്ഞ 11മാസമായി ശമ്പള വർദ്ധന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് ലേബർ കമ്മീഷണറും തോട്ടം തൊളിലാളി സംഘടനാ പ്രതിനിധികളും തോട്ടം ഉടമകളും ചേർന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സമയബന്ധിതമായി ശമ്പള വർദ്ധനവ് നടപ്പാക്കാമെന്ന ധാരണ ഉള്ളതാണ്. എന്നാൽ തോട്ടം ഉടമകൾ ഈ ആവശ്യം അംഗീകരിക്കുന്നില്ലെന്ന് പറയുന്നു. തൊഴിലാളി വഞ്ചനയിൽ പ്രതിഷേധിച്ച് എട്ടിന് ഇടുക്കി ലേബർ ഓഫിസിന് മുൻപിൽ മാർച്ചും ധർണ്ണയും നടത്താനാണ് എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയന്റെ തീരുമാനം. ഇതോടനുബന്ധിച്ച് എല്ലാ ഏലത്തോട്ടലയങ്ങളിലും പന്തംകൊളുത്തി പ്രകടനവും നടത്തും. സമരത്തിനും ധർണക്കും മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് എ.കെ മണി പറഞ്ഞു. ലേബർ ഓഫീസ് ധർണ്ണക്ക് ശേഷം നടപടി ആയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങാനാണ് യൂണിയന്റെ തീരുമാനം.