
അടിമാലി: കാർഷിക മേഖലയിലെ ന്യൂതന കണ്ടുപിടുത്തങ്ങൾക്ക് കൊളംബോ ആസ്ഥാനമായുള്ള ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ കോംപ്ളിമെന്ററി മെഡിസിന്റെ പുരസ്ക്കാരം ചെറുകുന്നേൽ സി. എം. ഗോപിക്ക് ലഭിച്ചു. കൊളംബോയിൽ നടന്ന വേൾഡ് കോൺഫ്രൻസിൽ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം നൽകി സി. എം. ഗോപിയെ ആദരിച്ചു.
ക്വിന്റൽ നേന്ത്രവാഴ, മൾട്ടി റൂട്ട് ചെയ്ത ജാതിതൈ തുടങ്ങിയവയിൽ നടത്തിയ പരീക്ഷണ വിജയം കണക്കിലെടുത്താണ് ആദരവ്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡ്, ഗാന്ധിജി സ്റ്റഡി സർക്കിളിന്റെ കർഷക തിലക് അവാർഡ്, ഉദ്യാൻപണ്ഡിറ്റ് അവാർഡ്, സ്പൈസസ് ബോർഡ് റിസർച്ച് സെന്റർ അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കൾ: ശ്രീനിറ്റ്, സോണിറ്റ.