ഇടുക്കി: ആധാർ വോട്ടർ ഐ.ഡി കാർഡുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം ജില്ലയിൽ സംസ്ഥാന ശരാശരിക്കും പിന്നിലായതോടെ ഇത് സംബന്ധിച്ച് കൂടുതൽ ഫലപ്രദമായ ഇടപെടൽ വേണമെന്ന് നിർദേശം. രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ആധാറുമായുള്ള ബന്ധിപ്പിക്കലിൽ പൊതുജനങ്ങളെ ആകർഷിക്കാൻ തുടർ നടപടിവേണമെന്ന് തെരെഞ്ഞെടുപ്പ് നിരീക്ഷകൻ എസ്. വെങ്കടേഷ് പതി നിർദേശിച്ചു.
നിലവിൽ വോട്ടർമാരിൽ 53.7 ശതമാനം മാത്രമാണ് ആധാർ ബന്ധിപ്പിച്ചിട്ടുള്ളത്. വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിന് ഇതാവശ്യമാണ്.
ജില്ലയിലെ 18-19 പ്രായക്കാരുടെ രജിസ്‌ട്രേഷനും വളരെ കുറവാണ്. വാർഡ് തലത്തിൽ ജനപ്രതിനിധികളടമുഉള്ളവരുടെ ഇടപെടലുണ്ടായാലേ പുതിയ വോട്ടർമാരുടെ രജിസ്‌ട്രേഷൻ മെച്ചപ്പെടുത്താനാവൂ .
തെരെഞ്ഞെടുപ്പ് നിരീക്ഷകന്റെ മൂന്ന് ഘട്ട സന്ദർശനത്തിന്റെ ആദ്യഭാഗമായാണ് വാട്ടർ അതോറിറ്റി എം.ഡിയും നാല് ജില്ലകളുടെ തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ വെങ്കടേഷ് പതി ഇടുക്കിയിലെത്തിയത്. ഡിസംബർ 25 ന് മുമ്പ് രണ്ടാംഘട്ട വിലയിരുത്തലും, ജനുവരി 5 ന് മുമ്പ് മൂന്നാംഘട്ട വിലയിരുത്തലും നടത്തും. ആക്ഷേപങ്ങൾ പരിശോധിച്ച് അപാകതകൾ പരിഹരിച്ച ശേഷം അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.
ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി. ആർ. ലത ജില്ലയിലെ വോട്ടർ പട്ടിക പുതുക്കലിന്റെ പുരോഗതി അറിയിച്ചു. തുടർന്ന നടന്ന ചർച്ചയിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ അഭാവം, ജോലിയിലെ അലംഭാവം, പോളിങ് ബൂത്തുകൾ നിശ്ചയിച്ചതിലെ അപാകതകൾ, ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കൽ നിർബന്ധമാക്കാത്തതിന്റെ പ്രശ്‌നങ്ങൾ തുടങ്ങിയവ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചു. അർഹരായ പരമാവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സഹകരണം ജില്ലാ കളക്ടർ ഷീബ ജോർജ് അഭ്യർത്ഥിച്ചു.

നിർദേശങ്ങൾ

തോട്ടം മേഖലയ്ക്കും ആദിവാസി മേഖലകൾക്കും പ്രത്യേക ഊന്നൽ നൽകി ക്യാമ്പുകൾ നടത്തണം. തോട്ടം മേഖലയിലും മറ്റും ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാൻ ആധാർ സീഡിങ് ആവശ്യമാണ്. സ്ത്രീകൾ, ആദിവാസികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നീ വിഭാഗങ്ങൾക്ക് വോട്ടർ പട്ടിക പുതുക്കലിൽ പ്രത്യേക പരിഗണ നൽകണം. വോട്ടർ പട്ടിക സംബന്ധിച്ച പരാതികളും അപേക്ഷകളും ഡിസംബർ 9 ന് മുമ്പ് സമർപ്പിക്കണം. ജില്ലയിൽ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കണം