മുതലക്കോടം: കലോത്സവ ഊട്ടുപുരയിൽ കന്നിക്കാരനാണ് ഏറ്റിക്കട ഇല്ലത്ത് വിഷ്ണു നമ്പൂതിരി, എന്നാൽ ഇന്നലെ ദേഹണ്ഡപുരയിലെ ആ നളപാകം രുചിച്ചവർ അത് സമ്മതിച്ചു തരില്ല. 29 വർഷമായി പാചകരംഗത്ത് സജീവമായ വിഷ്ണു നമ്പൂതിരി കലോത്സവ നഗരിയിലെല്ലാവരുടെയും വയറും മനസും ഒരുപോലെ നിറച്ചു. സാമ്പാർ, പുളിശേരി, അവിയൽ, തോരൻ, പച്ചടി, അച്ചാർ എന്നിവ അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയാണ് കലോത്സവത്തിന്റെ ആദ്യ ദിനം ഒരുക്കിയത്. കോട്ടയം ആയാംകുടി സ്വദേശിയായ വിഷ്ണു നമ്പൂതിരി 2004ൽ മള്ളിയൂർ ക്ഷേത്രത്തിൽ 30000 പേരുടെ സദ്യയൊരുക്കിയാണ് ശ്രദ്ധേനായത്. മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആതിരയാണ് വിഷ്ണുവിന്റെ ജീവിത പങ്കാളി. വീട്ടിൽ നടത്തുന്ന കാറ്ററിംഗ് സർവീസിന്റെ മേൽനോട്ടവുമായി ആതിരയും പാചക രംഗത്ത് സജീവമാണ്. പത്തോളം സഹായികളാണ് വിഷ്ണു നമ്പൂതിരിക്കൊപ്പം സെന്റ് ജോർജ് യു.പി സ്‌കൂളിൽ സജ്ജമാക്കിയിരിക്കുന്ന പാചകപ്പുരയിലുള്ളത്. കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകർക്കാണ് കലോത്സവത്തിന്റെ ഭക്ഷണ കമ്മിറ്റിയുടെ ചുമതല. സംസ്ഥാന സെക്രട്ടറി വി.എം. ഫിലിപ്പച്ചനും ജില്ലാ പ്രസിഡന്റ് പി.എം. നാസറുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കഴിക്കാനാളേറും
ഇന്നലെ 1250 പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്. ഇന്ന് 2000 പേർക്കും നാളെ 3000 പേർക്കും വിഭവസമൃദ്ധമായ സദ്യയൊരുക്കും. ഇതിനു പുറമെ പ്രഭാത ഭക്ഷണവും വൈകുന്നേരം കാപ്പിയും രാത്രി അത്താഴവും നൽകുന്നുണ്ട്.