മുതലക്കോടം: വെറും രണ്ട് മാസത്തെ പരിശീലനം കൊണ്ട് ചെണ്ടമേളത്തിൽ രണ്ട് വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനമാണ് ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് സ്വന്തമാക്കിയത്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ചെണ്ട കലാകാരനുമായ ഡോ. ബോബിൻ കെ. രാജുവാണ് ഇവരെ പരിശീലിപ്പിച്ചത്. താളബോധമുള്ള കുട്ടികളെ രണ്ട് മാസം മുമ്പാണ് തിരഞ്ഞെടുത്തത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ദേവദത്ത് എ. നായർ, ഗണേഷ് രാജേഷ്, കെ.എച്ച്. അനന്ദു, ടി.ആർ. സൂര്യജിത്ത്, അനന്ദു സുരേഷ്, അമൽ ഷാജി എന്നിവരും ഹയർ സെക്കൻഡറി വിഭാഗത്തിൽ അഖിൽ വിജയകുമാർ, ഏബിൾ വിനോദ്, റിച്ചു തോമസ്, അലൻ ബിജു, ഡിയോൺ ബിനോയ്, മിലൻ ജോയ, റോഷൻ റോയി എന്നിവരും മാറ്റുരച്ചു. പരിശീലകൻ മോബിൻ, സാംസ്‌കാരിക വകുപ്പിന്റെ ഇത്തവണത്തെ വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചിരുന്നു. 2010ലെ തൃശൂർ സംസ്ഥാന കലോത്സവത്തിൽ തായമ്പകയിൽ ജേതാവായിരുന്നു.