മുതലക്കോടം: സ്വർണകുടത്തിലൊളിപ്പിച്ച കലയുടെ ഭൂതം രണ്ടാണ്ടിന് ശേഷം പുറത്തെത്തിയപ്പോൾ മുതലക്കോടം നിറയെ താളലയ വിസ്മയം. കൗമാര സർഗവാസനകളെ ഉണർത്തി 33-ാമത് റവന്യൂ ജില്ലാ കലോത്സവം 'ഉണർവ്- 2k22" ന് മുതലക്കോടത്ത് തിരിതെളിഞ്ഞു. ഇനി മൂന്നു നാൾ ആവേശത്തിന്റെ ഉത്സവ നാളുകൾ. മുതലക്കോടത്ത് പത്ത് വേദികളിലായി ഏഴ് ഉപജില്ലകളിൽ നിന്നായി 3500 ഓളം വിദ്യാർത്ഥികൾ 200ഓളം ഇനങ്ങളിലാണ് മാറ്റുരയ്ക്കുന്നത്. ഇന്നലെ രാവിലെ 9.30ന് ഡി.ഡി.ഇ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ഒന്നാം വേദിയായ പാരിഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ആദ്യ ദിനം വയലിൻ, ഗിത്താർ, പദ്യം ചൊല്ലൽ, പ്രസംഗം, ബാൻഡ്, ചെണ്ട, ചിത്ര രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ഇന്ന് നൃത്തഇനങ്ങൾക്ക് തുടക്കമാകുന്നതോടെ കലോത്സവം കൂടുതൽ കളറാകും.

തൊടുപുഴ മുന്നിൽ

ആദ്യദിനം മത്സരം പൂർത്തിയാകുമ്പോൾ എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ തൊടുപുഴ ഉപജില്ലയാണ് പോയിന്റ്‌ ടേബിളിൽ മുന്നിട്ടു നിൽക്കുന്നത്. യു.പി. വിഭാഗത്തിൽ അടിമാലിയാണ്‌ ഒന്നാമത്. നിലവിലെ ചാമ്പ്യൻമാരായ കട്ടപ്പന മൂന്ന് വിഭാഗങ്ങളിലും രണ്ടാമതാണ്. സ്‌കൂൾ തലത്തിൽ യു.പി വിഭാഗത്തിൽ അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് 13പോയിന്റുമായും ഹൈസ്കൂൾ വിഭാഗത്തിൽ തുടങ്ങനാട് എസ്.ജി.എച്ച്.എസ് 36 പോയിന്റുമായും മുന്നിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ മുതലക്കോടം സെന്റ്‌ ജോർജ് എച്ച്.എസ്.എസ്, കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾ 30 പോയിന്റു വീതം നേടി ഒന്നാമതാണ്.