തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം ഇന്നലെ ശാസ്ത്ര നാടകോത്സവത്തോടെ തുടങ്ങി. മൂന്ന് ദിവസങ്ങളിൽ തുടരുന്ന മേളയിൽ 4000 ത്തോളം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. ഇതിവൃത്തങ്ങളിലെ വ്യതിരിക്തത കൊണ്ടും, അവതരണത്തിലെ പുതുമ കൊണ്ടും ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്ര നാടകോത്സവം ശ്രദ്ധേയമായി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച 'മസ്തിഷ്‌കം' ഒന്നാം സ്ഥാനം നേടി. ഐൻസ്റ്റിനായി അഭിനയിച്ച കെ ആദി കൃഷ്ണ മികച്ച നടനും, ഐൻസ്റ്റിന്റെ ഭാര്യയായി വേഷമിട്ട കെ.ടി.അനന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനത്തിന് മമ്പറം ഹയർ സെക്കൻഡറിയും, മികച്ച രചനയ്ക്ക് കതിരൂർ വി.എച്ച്.എസ്.എസും ഒന്നാം സ്ഥാനത്തെത്തി. പത്ത് നാടകങ്ങളാണ് മത്സരത്തിനെത്തിയത്.
തലശ്ശേരിയിലെ അഞ്ച് സ്‌കൂളുകളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടി.മേളകളാണ് നടക്കുക. ശാസ്ത്ര നാടക മത്സരം ബ്രണ്ണൻ ഹയർ സെക്കൻഡറിയിൽ ഡി.ഇ.ഒ. ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് കാലത്ത്നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷബാന ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണിയാണ് മേള ഉദ്ഘാടനം ചെയ്യുക.3 ന് വൈകിട്ട് സമാപന സമ്മേളനം നടക്കും.