ആറളം: ആറളം വന്യജീവിസങ്കേതത്തിനു സമീപത്ത് ബ്രഹ്മഗിരി മലനിരകളിൽപെട്ട കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽ നിന്നും പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി . നിഴൽത്തുമ്പി വിഭാഗത്തിൽ പെടുന്ന ഇതിന് പ്രോട്ടോസ്റ്റിക്രറ ഫ്രാൻസി എന്നാണ് പേര് നൽകിയിരിക്കുന്നത്. കണിച്ചാറിലെ ദന്ത ഡോക്ടറും തുമ്പിനിരീക്ഷകനുമായ ഡോ: വിഭു വിപഞ്ചികയാണ് പുതിയ അതിഥിയെ ലോകത്തിന് പരിചയപ്പെടുത്തിയത്.
തുടർന്ന് ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി തുമ്പിഗവേഷണ വിഭാഗത്തിലെ ഗവേഷകനും തളിപ്പറമ്പ് തൃച്ചംബരം സ്വദേശി വിനയൻ പി.നായർ , ഡോ:കലേഷ് സദാശിവൻ , ഡോ:എബ്രഹാം സാമുവൽ , ഡോ: ജാഫർ പാലോട്ട് എന്നിവർ വിശദ പഠനങ്ങൾ നടത്തി .
കേരളത്തിൽ തുമ്പികളുടെ ശാസ്ത്രീയ പഠനങ്ങൾക്ക് തുടക്കം കുറിച്ച തൃശൂർ സെന്റ് തോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ: ഫ്രാൻസി കെ കാക്കാശ്ശേരിയുടെ ബഹുമാനാർത്ഥമാണ് പുതിയ ഇനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി തുമ്പിഗവേഷണ വിഭാഗം കേരളത്തിൽ നിന്നും കണ്ടെത്തുന്ന മൂന്നാമത്തെ പ്രോട്ടോസ്റ്റിക്രറ ഇനം സൂചിത്തുമ്പിയാണിത് .
ഉയരത്തെ ഇഷ്ടപ്പെടുന്നവർ
ആറളം വന്യജീവിസങ്കേതം , കൊട്ടിയൂർ മേഖലകളിൽ സമുദ്രനിരപ്പിൽ നിന്നും 500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇരുളടഞ്ഞ കാട്ടരുവികളിൽ ഇവയെ കാണാം. പുതിയ ഇനം നിഴൽതുമ്പിക്ക് പൊന്മുടി നിഴൽത്തുമ്പി , കൊമ്പൻ നിഴൽത്തുമ്പി എന്നിവയുമായി വളരെ സാമ്യം ഉണ്ടെങ്കിലും കഴുത്തിലെ മുള്ളുകളുടെ പ്രത്യേകതകളാണ് ഇവയെ വ്യത്യസ്തരാക്കുന്നത്.
പൊന്മുടിയിൽ അതിഥിയായെത്തി
ഇതിനു മുൻപായി പൊൻമുടിയിൽ നിന്നും 2015 ൽ പൊന്മുടി നിഴൽത്തുമ്പി 2021 ൽ പീച്ചി വന്യ ജീവി സങ്കേതത്തിൽ നിന്നും ആനമല നിഴൽത്തുമ്പി എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പേപ്പർ അന്താരാഷ്ട്ര ജേർണൽ ആയ എന്റോമോൺ സെപ്തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
പ്രോട്ടോസ്റ്റിക്രറ ഇനത്തിൽപെട്ട സൂചിത്തുമ്പികൾ ഇന്ത്യയിൽ, പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും , സമുദ്രനിരപ്പിൽ നിന്നും സാമാന്യം ഉയരമുള്ള സ്ഥലങ്ങളിലെ വെളിച്ചക്കുറവുള്ള കാട്ടരുവികളിലും ഇരുൾ മൂടിയ സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്ന ഇനങ്ങളാണ്. ഇന്ത്യയിൽ കാണപ്പെടുന്ന 16 ഇനം പ്രോട്ടോസ്റ്റിക്രറ സൂചിത്തുമ്പികളിൽ 13 സ്പീഷീസുകൾ പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്നു. ഇതിൽ 12 എണ്ണം കേരളത്തിൽ കാണാം.