നീലേശ്വരം: ഹൈടെൻഷൻ ലൈനിൽ വൈദ്യുതി കമ്പി പൊട്ടിവീഴുന്നത് പതിവാകുന്നതിൽ ജനങ്ങളിൽ ആശങ്ക.

മൈലാട്ടി കാഞ്ഞിരോട് 220 കെ.വി. ലൈനാണ് കിനാനൂർ- കരിന്തളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കൂവാറ്റി പ്രദേശങ്ങളിൽ പൊട്ടിവീഴുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വൈദ്യുതി കമ്പി പൊട്ടിവീണു. വൈദ്യുതി കമ്പി പൊട്ടിവീണ വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർ വന്ന് പൊട്ടിവീണ കമ്പി പുനസ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കൂവാറ്റി ഭജന മഠത്തിന് സമീപം വൈദ്യുതി കമ്പി പൊട്ടിവീഴുകയായിരുന്നു.

തൊട്ടടുത്തുള്ള ത്രീ ഫേസ് ലൈനിന് മുകളിലും വീഴുകയായിരുന്നു. ഈ സമയത്ത് ഇതുവഴി നടന്നു പോവുകയായിരുന്ന നീലേശ്വർ ഗ്യാസ് ഏജൻസീസ് ജീവനക്കാരൻ രതീഷ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തൊട്ടടുത്ത തന്നെ പിഞ്ചു കുട്ടികൾ കളിക്കുന്നുമുണ്ടായിരുന്നു. വൈദ്യുതി കമ്പി പൊട്ടിവീഴുന്ന സമയങ്ങളിൽ വൻ ശബ്ദം ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.

കൃത്യസമയ്ക്ക് അറ്റകുറ്റപണി ചെയ്യാത്തതാണ് വൈദ്യുതി കമ്പി പൊട്ടിവീഴാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ലെങ്കിൽ വൻ ദുരന്തമാണ് സംഭവിക്കുക എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.