തലശ്ശേരി: നഗരത്തിലെ സ്‌കൂളുകൾ ശാസ്‌ത്രോത്സവ ലഹരിയിൽ. വർഷങ്ങൾക്ക് ശേഷം വീണ്ടും ശാസ്‌ത്രോത്സവം എത്തിയതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് വിദ്യാർത്ഥികൾ. നഗരത്തിലെ അഞ്ച് സ്‌കൂളുകളിലാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. കണ്ണൂർ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് ഹൈസ്‌കൂൾ വിഭാഗം ശാസ്ത്ര നാടക മത്സരത്തോടെയാണ് ചൊവ്വാഴ്ച തുടക്കമായത്. 15 ഉപജില്ലകളിൽ നിന്നുള്ള നാലായിരത്തോളം പ്രതിഭകളായ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായിട്ടുണ്ട്.
കൊവിഡിന് ശേഷമുള്ള ആദ്യത്തെ ശാസ്‌ത്രോത്സവമായതിനാൽ ശാസ്ത്ര കൗതുകങ്ങളും അറിവുകളുമായി നിരവധി വിദ്യാർത്ഥികളാണ് അഞ്ച് വേദികളിലായി മാറ്റുരയ്ക്കാൻ എത്തിയത്.
സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ഇപ്രൊവൈസ്ഡ് എക്സ്പീരിമെന്റ് , റിസർച്ച് ടൈപ്പ് പ്രോജക്ട്, തുടങ്ങിയ മത്സരങ്ങളും, ബി.ഇ.എം.പി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സാമൂഹ്യശാസ്ത്രമേളയിൽ അറ്റ്ലസ് നിർമ്മാണം പ്രാദേശിക ചരിത്രരചന, പ്രസംഗം എന്നിവയും, മുബാറക് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പ്രവൃത്തിപരിചയമേള ഓൺ ദ സ്‌പോട്ട്, ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഐ.ടി മേളയിൽ മൾട്ടിമീഡിയ പ്രസന്റേഷൻ, അവതരണം, വെബ്‌പേജ് ഡിസൈനിംഗ്, ആനിമേഷൻ, എന്നിവയും, സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്,അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,പ്യുവർ കൺസ്ട്രക്ഷൻ, തുടങ്ങി വിവിധ മത്സരങ്ങളാണ് നടക്കുന്നത്.
വളരെ ആത്മവിശ്വാസത്തോടെയും, ആവേശത്തോടെയുമാണ് തങ്ങൾ നിർമ്മിച്ച വസ്തുക്കളെ കുറിച്ചുള്ള വിവരണം വിദ്യാർത്ഥികൾ വിധികർത്താക്കളിലേക്കെത്തിക്കുന്നത്. ശാസ്‌ത്രോത്സവം വ്യാഴാഴ്ച സമാപിക്കും.