പയ്യന്നൂർ: ഫിഷറീസ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പയ്യന്നൂരിൽ ആരംഭിക്കുന്ന ഫിഷറീസ് കോളേജിൽ ഏഴ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ തസ്തിക കരാർ അടിസ്ഥാനത്തിൽ അനുവദിക്കാൻ ചൊവ്വാഴ്ച ചേർന്ന മന്ത്രി സഭായോഗം തീരുമാനിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ. അറിയിച്ചു.
കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് കീഴിൽ ആരംഭിക്കുന്ന ആദ്യ കോളേജാണ് പയ്യന്നൂരിലേത്. നേരത്തെ മലബാർ ആസ്ഥാനമാക്കി ഉത്തര മേഖലാ റീജിയണൽ സെന്റർ പയ്യന്നൂരിൽ ആരംഭിച്ചിരുന്നു. കോളേജിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി കോറോം വില്ലേജിൽ കോറോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം 12 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട് . ഭൂമി യൂണിവേഴ്‌സിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. അതിനിടയിൽ പയ്യന്നൂർ കേന്ദ്രീകരിച്ച് താത്കാലിക കെട്ടിടത്തിൽ കോളേജ് പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായിട്ടുണ്ടെന്നും എം.എൽ.എ. അറിയിച്ചു.