tly-stadium
തലശ്ശേരി സ്റ്റേഡിയം

തലശ്ശേരി: എട്ടുവർഷം നീണ്ട നവീകരണ പ്രവൃത്തിക്കൊടുവിൽ നവംബർ 19 ന് തുറന്നുകൊടുക്കുന്ന തലശ്ശേരി വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയത്തിലേക്ക് കയറാൻ ഇനി പണം ചിലവിടേണ്ടിവരും.പ്രദേശത്തെ കായികതാരങ്ങളുടെ പരിശീലനത്തിനും പ്രഭാത -സായാഹ്നസവാരിക്കാർക്കും കനത്ത തിരിച്ചടിയായേക്കുന്ന തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല. ഉടമസ്ഥാവകാശത്തെ ചൊല്ലി തലശ്ശേരി നഗരസഭയും റവന്യുവകുപ്പും തമ്മിൽ പോരിലായിരുന്നു. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷൻ മാനേജർ ആർ.ഡി.രാധിക കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചതിന് പിന്നാലെയാണ് സ്റ്റേഡിയം ഉപയോഗിക്കുന്നതിന് ഇനി മുതൽ നിബന്ധനകളുണ്ടാകുമെന്ന വിവരം പുറത്തുവന്നത്.

1956 മുതൽ 75 രൂപയായിരുന്നു സ്റ്റേഡിയത്തിന്റെ പ്രതിദിനവാടക. 2012ൽ ആയിരം രൂപയാക്കി. ഇനി മുതൽ പ്രതിദിനവാടക പതിനായിരം രൂപയും പ്രഭാത സായാഹ്ന നടത്തക്കാർക്ക് പ്രതിമാസം 500 രൂപയും നൽകണം. സ്റ്റേഡിയത്തിലെ അഞ്ച് കടമുറികൾ വാടകക്ക് നൽകുവാനും, ഓപ്പൺ ജിംനേഷ്യം ആരംഭിക്കാനും തീരുമാനിച്ചതായി ഓപ്പറേഷൻ മാനേജർ വ്യക്തമാക്കിയിരുന്നു.നഗരസഭയുമായി ആലോചിച്ച് സ്റ്റേഡിയത്തിന് മുന്നിൽ പേ പാർക്കിംഗ് സംവിധാനം ഒരുക്കുമെന്നും ആർ.ഡി.രാധിക പറഞ്ഞിരുന്നു.രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടം നേടിയ നിരവധി കായികതാരങ്ങൾ പരിശീലനത്തിലൂടെ ഉയർന്നുവന്ന സ്റ്റേഡിയമാണ് തലശ്ശേരിയിലേത്. പുതിയ തലമുറക്ക് മുന്നിൽ ഈ സാദ്ധ്യത അടയുകയാണെന്ന വാദമാണ് സ്പോർട്സ് ഫൗണ്ടേഷന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നവർ ഉയർത്തുന്നത്.

നവീകരിച്ചത് മൂന്നുഘട്ടമായി
മൂന്ന് ഘട്ടങ്ങളിലായി 13.5 കോടി രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. ഇക്കഴിഞ്ഞ വർഷം തലശ്ശേരിയിലെത്തിയ കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഈ വർഷം ജനുവരി ഒന്നിന് തന്നെ സ്റ്റേഡിയം നാടിന് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. സ്റ്റേഡിയം പൂർണസജ്ജമാക്കാൻ വൈകി. ഗ്രൗണ്ടിൽ നട്ടുപിടിപ്പിച്ച പുല്ലുകൾ പരിപാലനമില്ലാത്തതിനാൽ നശിച്ചു. ഇത് വീണ്ടും വച്ചു പിടിപ്പിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് സ്റ്റേഡിയമാണ് ഇപ്പോഴത്തേത്.വിസ്തൃതി 6.72 ഏക്കർ വരും. എട്ടു ലൈനോട് കൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, വി.ഐ.പി.ലോഞ്ച്, മീഡിയ റൂം, പ്ലെയേഴ്സ് റൂം, ഓഫിസ് റൂം, മൂന്നു നില പവലിയൻ കെട്ടിടം എന്നിവ സ്റ്റേഡിയത്തിലുണ്ട്.

വെല്ലസ്ളിയുടെ ഗ്രൗണ്ട്
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പതാക ലോകമാകെ പറപ്പിച്ച ആർതർ വെല്ലസ്ളി ക്രിക്കറ്റ് കളിച്ച ഗ്രൗണ്ടാണ് തലശ്ശേരിയിലേത്.പഴശ്ശിക്കെതിരായ യുദ്ധം നയിച്ച ഇദ്ദേഹം തലശ്ശേരി നിവാസികളെ ക്രിക്കറ്റ് പഠിപ്പിച്ചിരുന്നുവെന്ന് ചരിത്രം.ആദ്യ കേരള മന്ത്രിസഭയുടെ കാലത്താണ് ഈ ജനകീയ സ്റ്റേഡിയം ജസ്റ്റിസ്സ്.വി.ആർ.കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിൽ കായിക മന്ത്രി ടി.വി.തോമസ് ഉദ്ഘാടനം ചെയ്തത്.ഒരു ഭാഗത്ത് ഫുട്ബാളും, മറുഭാഗത്ത് ഹോക്കിയും സ്ഥിരമായി കളിച്ചു പോന്നു. ഇതു കഴിഞ്ഞുള്ള സമയങ്ങളിലായിരുന്നു ക്രിക്കറ്റ്.

ഫീസ് ഏർപ്പെടുത്തിയെന്ന പ്രചാരണം തെറ്റ്:നഗരസഭ ചെയർപെഴ്സൺ
തലശേരി:ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഫീസ് ഏർപ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് നഗരസഭ ചെയർമാൻ കെ.എം. ജമുനറാണി വാർത്താക്കുറിപ്പിൽ അറിയിച്ചു. നഗരസഭ കൗൺസിലോ, സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട കമ്മിറ്റിയോ ഇക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല. സ്‌റ്റേഡിയം പരിപാലനവുമായി ബന്ധപ്പെട്ട ചില അഭിപ്രായങ്ങൾ ഒരു ഉദ്യോഗസ്ഥ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് നഗരസഭയുമായോ സ്‌റ്റേഡിയം കമ്മിറ്റിയുമായോ ആലോചിച്ച് നടത്തിയതല്ല. അവരുടെ അഭിപ്രായം തീർത്തും വ്യക്തിപരമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.

'മൈതാനത്തിലൂടെ നടക്കണമെങ്കിൽ 250 രൂപയുടെ അംഗത്വവും പ്രതിമാസം 500 രൂപയും വേണമെന്നത് അംഗീകരിക്കാനാവില്ല' ഇത് നാടിന് നാണക്കേടാണ് . തലശ്ശേരി മൈതാനം വിറ്റ് പൈസയാക്കാൻ അനുവദിക്കുകയില്ല -കെ.അനിൽകുമാർ,​ പ്രസിഡന്റ് ,​ ബി.ജെ.പി.തലശ്ശേരി മണ്ഡലം കമ്മിറ്റി