കാസർകോട്: ചെർക്കളയിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ആദ്യ ദിനത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 535 പോയിന്റുകളുമായി കാസർകോട് ഉപജില്ല മുന്നിൽ. ഹൊസ്ദുർഗ് (462) രണ്ടും ചെറുവത്തൂർ (440) മൂന്നും സ്ഥാനത്തുണ്ട്. കുമ്പള 391 ഉം ചിറ്റാരിക്കൽ 334 ഉം പോയിന്റുകൾ നേടി.
സ്‌കൂളുകളിൽ 124 പോയിന്റുകളോടെ ചട്ടഞ്ചാൽ സി.എച്ച്.എസ്.എസാണ് ഒന്നാംസ്ഥാനത്ത്. ചെമ്മനാട് സി.ജെ.എച്ച്.എസ്.എസ് (115) രണ്ടും കാഞ്ഞങ്ങാട് ദുർഗ് എച്ച്.എസ്.എസ് (112) മൂന്നും സ്ഥാനത്തുണ്ട്. കുട്ടമത്ത് ജി.എച്ച്.എസ്.എസ് (111) നാലും പെർഡാല എൻ.എച്ച്.എസ് (107) അഞ്ചും സ്ഥാനത്തുണ്ട്.
ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ – ഐ.ടി മേളകളിലായി മുവ്വായിരത്തോളം കുട്ടികളാണ് എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അക്കാഡമി, ഗവ. കോളേജ്, ശുചിത്വ മിഷൻ, ഫയർ ഫോഴ്സ്, എക്സൈസ്, എൽ.ബി.എസ് എഞ്ചിനിയറിംഗ് കോളേജ്, ആരോഗ്യ വകുപ്പ്, സി.പി.സി.ആർ.ഐ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ വിവിധ എക്സിബിഷൻ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.