കണ്ണൂർ: എം.വി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എം.വി .രാഘവന്റെ എട്ടാം ചരമവാർഷികദിനം ഒമ്പതിന് ആചരിക്കും. രാവിലെ ഒമ്പതിന് പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനക്ക് പാട്യം രാജനും എം.വി.ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നൽക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ എം.വി.ആർ പുരസ്‌കാരം ഇന്ത്യാ ടുഡേ കൺസൾട്ടിംഗ് എഡിറ്റർ രാജ്ദിപ് സർദേശായിക്ക് നൽകും. ഒരു ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈകീട്ട് ചേമ്പർ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും. വാർത്താ സമ്മേളനത്തിൽ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ, ആയുർവേദ മെഡിക്കൽ കോളേജ് സി.ഇ.ഒ അവിനാഷ്, പി.വി. വത്സൻ എന്നിവർ സംബന്ധിച്ചു.