vyrajathan
വൈരജാതൻ ക്ഷേത്രത്തിൽ പൂജാരി വിളക്കുതെളിയിക്കുന്നു.സമീപത്ത് സി.വി.കൃഷ്ണൻ

നീലേശ്വരം: കോളിളക്കം സൃഷ്ടിച്ച നീലേശ്വരം വൈനിങ്ങാലിലെ വൈരജാതൻ ചിട്ടി പൊളിഞ്ഞതോടെ അടച്ചിട്ട വൈരജാതൻ ക്ഷേത്രത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിളക്കുതെളിഞ്ഞു.വിവിധ കോടതികളിലായി 1450 ഓളം കേസുകളിൽ പ്രതി ചേർക്കപ്പെട്ട ചിട്ടിയുടമ സി.വി.കൃഷ്ണൻ 35 കേസുകളിലായി പന്ത്രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തുവന്നതോടെയാണ് തഞ്ചാവൂർ മാതൃകയിലുള്ള ക്ഷേത്രത്തിൽ വീണ്ടും വിളക്കുതെളിയിച്ചത്.

1981 മുതൽ 99 വരെ സി.വി. തറവാടിന്റെ പേരിൽ തുടങ്ങിയ ചിട്ടി പിന്നീട് കാവിൽ ചിട്ടിയെന്ന പേരിൽ വിശ്വാസ്യത നേടിയതോടെയാണ് വടക്കൻ ജില്ലകളിലെ ആയിരക്കണക്കിന് ആളുകൾ ചേർന്നത്. 1999 ലാണ് കാവിലെ ചിട്ടി വൈരജാതൻ ചിട്ടിയായി മാറിയത്. വൈനിങ്ങാലിൽ കല്ല് കൊത്ത് പണിയിലേർപ്പെട്ട കൃഷ്ണൻ പ്രശ്നവിധി പ്രകാരമാണ് ഇവിടെ വൈരജാതനെ ആരാധിച്ചുതുടങ്ങിയത്. 2000ത്തിൽ വൈരജാതന് പ്രത്യേകം മാടം കെട്ടി തുടർച്ചയായി മൂന്ന വർഷം തെയ്യം കെട്ടിയാടിക്കുകയും ചെയ്തിരുന്നു.ഈ ഘട്ടത്തിലാണ്

വൈരജാതൻ ചിട്ടി കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപിച്ചത്. 72 ഓളം കലക്ഷൻ ഏജന്റുമാരാണ് ചിട്ടി പണം പിരിക്കാൻ ഉണ്ടായിരുന്നത്. ചിട്ടിയുടെ ലാഭത്തിൽ നിന്നാണ് ചെറിയ ക്ഷേത്രം തഞ്ചാവൂർ മാതൃകയിൽ നിർമ്മിച്ചത്.

2007 ൽ മാർച്ച് 18 ന് വൈരജാതൻ ചിട്ടി ചില കാരണങ്ങളാൽ പൊളിയുകയായിരുന്നു. ചിട്ടി പൊളിയാനുള്ള കാരണം ഇന്നും തനിക്കറിയില്ലെന്നാണ് കൃഷ്ണൻ പറയുന്നത്. കൃഷ്ണൻ ഒളിവിൽ പോയതോടെ .ചിറ്റാളന്മാർ വൈരജാതൻ ക്ഷേത്രത്തിലെയും വീട്ടിലേയും പല വസ്തുക്കളും എടുത്തുകൊണ്ടുപോയി.ഇതോടെയാണ് ക്ഷേത്രത്തിലെ നിത്യകർമ്മങ്ങൾ മുടങ്ങിയത്.

പന്ത്രണ്ടുവർഷത്തെ തടവ് കഴിഞ്ഞ് 2021ലാണ് കൃഷ്ണൻ പുറത്തിറങ്ങിയത്. ക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന മൂന്നേക്കർ കോടതി കണ്ടുകെട്ടി. ബാക്കിയുള്ള ഒന്നരയേക്കർ സ്ഥലമാണ് ക്ഷേത്രത്തിനുള്ളത്. നാട്ടുകാരുടെ സഹകരണത്തോടെ കൃഷ്ണൻ ക്ഷേത്രത്തിൽ ആരാധന തുടങ്ങിയിട്ടുള്ളത്. ക്ഷേത്രം നടത്തികൊണ്ടു പോകാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന് കൃഷ്ണൻ പറയുന്നു. നാട്ടുകാർ അടക്കം ആര് മുന്നോട്ട് വന്നാലും ക്ഷേത്രം വിട്ടുനൽകാൻ തയ്യാറാണെന്നും ഇദ്ദേഹം പറഞ്ഞു.