തലശ്ശേരി: മൂന്നു ദിനങ്ങളിലായി പൈതൃക നഗരിയിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിനു സമാപനം. ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളിലായി 1000 പോയിന്റുമായി തലശ്ശേരി നോർത്ത് ഉപജില്ല ഒന്നാം സ്ഥാനം നേടി. 968 പോയിന്റുമായി കണ്ണൂർ നോർത്ത് രണ്ടാം സ്ഥാനവും ഇരിട്ടി 963 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂൾ തലത്തിൽ മമ്പറം എച്ച്.എസ്.എസ് 435 പോയിന്റുമായി ഒന്നാംസ്ഥാനം നേടി ഓവർ ഓൾ ചാംപ്യന്മാരായി. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ് 395 പോയിന്റുമായി രണ്ടാംസ്ഥാനവും ചൊക്ലി രാമവിലാസം എച്ച്.എസ്.എസ് 274 പോയിന്റുമായി മൂന്നാംസ്ഥാനവും നേടി.
മികച്ച മത്സരങ്ങളായിരുന്നു അഞ്ചുവേദികളിലായി മത്സരാർത്ഥികൾ കാഴ്ചവച്ചത്. വൈകുന്നേരം ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ നടന്ന സമാപനസമ്മേളനവും സമ്മാനവിതരണവും നഗരസഭാ വൈസ്‌ചെയർമാൻ വാഴയിൽ ശശി നിർവഹിച്ചു. ഡി.ഡി.ഇ വി.എ ശശീന്ദ്ര വ്യാസ് അദ്ധ്യക്ഷനായി. തലശ്ശേരി ഡി.ഇ.ഒ എം.പി അംബിക, ഗവ. ബ്രണ്ണൻ സ്‌കൂൾ പ്രിൻസിപ്പൽ ആർ. സരസ്വതി, തലശ്ശേരി നോർത്ത് എ.ഇ.ഒ വി. ഗീത, സൗത്ത് എ.ഇ.ഒ ഇ.പി സുജാത, ഗവ. ബ്രണ്ണൻ പ്രധാനദ്ധ്യാപകൻ എം. ജയരാജ്, പ്രോഗ്രാം കോഓർഡിനേറ്റർ ടി.വി സഖീഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽകുമാർ സംസാരിച്ചു.