കാസർകോട്: കേരള സർക്കാർ നടപ്പാക്കുന്ന ക്ഷേമ പ്രവർത്തങ്ങൾക്ക് കേന്ദ്ര സഹായം നൽകുക, കേന്ദ്ര സർക്കാർ പിരിച്ചു വിട്ട പ്രവാസി കാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ കെ.വി അബ്ദുൽ ഖാദർ നയിക്കുന്ന പ്രവാസി മുന്നേറ്റ ജാഥ ഇന്നു വൈകിട്ട് 4.30 ന് കാസർകോട്ട് മന്ത്രി വി. അബ്ദുൽ റഹിമാൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ കെ.എം.എ ഹനീഫ അദ്ധ്യക്ഷത വഹിക്കും. ഗഫൂർ ലില്ലീസ് ഉപലീഡറും ബാദുഷ കടലുണ്ടി മാനേജരുമാണ്. ജാഥ സമാപനം 14 ന് മുൻ എം.എൽ.എ സ്വരാജ് തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് 16 ന് രാജ്ഭവൻ മാർച്ച് മുൻ മന്ത്രി എം.വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. 2023 ഫെബ്രുവരി 15 ന് ഡൽഹി മാർച്ചും നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള, ജില്ലാ സെക്രട്ടറി പി. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ. രാജേന്ദ്രൻ, ജലീൽ കാപ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം ഒ. നാരായണൻ, വി.വി കൃഷ്ണൻ, പി.പി സുധാകരൻ, ഹബീബ് തളങ്കര, സ്കാനിയ ഭദ്ര എന്നിവർ പങ്കെടുത്തു.