മട്ടന്നൂർ: ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനായി മട്ടന്നൂരിൽ നിർമ്മിക്കുന്ന മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവൃത്തി അവസാനഘട്ടത്തിൽ. സെന്റർ അടുത്ത വർഷം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന് എം.എൽ.എ കെ.കെ ശൈലജ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായാണ് മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ നിർമ്മിക്കുന്നത്. നിർമ്മാണ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഐ.ബിയിൽ യോഗം ചേർന്നു. നഗരസഭ ചെയർമാൻ എൻ. ഷാജിത്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പഴശി കന്നാട്ടുംകാവിലാണ് സെന്ററിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. സാമൂഹികനീതി വകുപ്പിന് കീഴിൽ മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നത്. മൂന്നു നിലകളിലേക്കും റാമ്പുകൾ, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ മറ്റു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിട സമുച്ചയം രൂപകൽപന ചെയ്തിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
മട്ടന്നൂർ നഗരസഭയുടെ പഴശി രാജ ബഡ്‌സ് സ്‌കൂളിന്റെ പ്രവർത്തനം കെട്ടിടം പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറ്റും. നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഷെൽട്ടർ ഹോം ആണിത്. 2016ലാണ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണം പഴശിയിൽ തുടങ്ങിയത്. മുൻ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയുടെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.
ദേശീയ നിലവാരത്തിൽ ഉയർത്തും
ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിംഗ്, സ്‌പെഷൽ എഡ്യുക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്ന് ലഭിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മാതൃകയിലുള്ള സ്ഥാപനമാക്കി പുനരധിവാസ കേന്ദ്രത്തെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സംസ്ഥാനത്ത് തന്നെ ഒരു ബഡ്സ് സ്കൂളിന് അപൂർവമായി മാത്രമേ ഇത്രയും വലിയ കെട്ടിടമുള്ളൂ. തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും നല്ല റിഹാബിലിറ്റേഷൻ സെന്റർ ആയി ഉയർത്താനാണ് ലക്ഷ്യം.
കെ.കെ ശൈലജ എം.എൽ.എ