ഇരിട്ടി: ആറളം ഫാമിൽ ആന മതിൽ നിർമ്മിക്കും വരെ സമരം എന്ന ബി.ജെ.പിയുടെ സമര പ്രഖ്യാപനത്തിന്റെ ഭാഗമായി പാർട്ടി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാമിൽ നിന്നും ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തുംതള്ളും. ഇന്നലെ ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് നയിച്ച പ്രതിഷേധ മാർച്ച് എടൂർ കാരാപറമ്പിൽ നിന്നും ആരംഭിച്ചു. മാർച്ച് ഉദ്ഘാടനത്തിനും നേതാക്കളുടെ പ്രസംഗത്തിനും ശേഷം ഒരു സഘം പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് ബാരിക്കോട് മറികടന്ന് മുന്നോട്ട് നീങ്ങാൻ നടത്തിയ ശ്രമം നേരിയ സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. പ്രവർത്തകൾ ബാരിക്കോട് തള്ളി മാറ്റുന്നത് പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
സി.ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിൽ പൊലീസ് സമാധനപരമായി പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമം നടത്തി. പാർട്ടിയുടെ മുതിർന്ന നേതാക്കളും സമാധനത്തിനായി നിലയുറപ്പിച്ചതോടെയാണ് സംഘർഷം ഒഴിവായത്.
മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. കൃഷ്ണൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, വി.വി. ചന്ദ്രൻ, ബിജു എളക്കുഴി, ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ കെ. സജീവൻ ആറളം, സഹ ജാഥാ ലീഡർ എസ് ടി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷ എം.ആർ. മിനി, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് കെ. സജേഷ്, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ബിജു, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോസ് എ വൺ, ആർ.എസ്.പി യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ബി.ഡി. ബിന്റോ, ന്യൂനപക്ഷമോർച്ച മണ്ഡലം ജന.സെക്രട്ടറി ബേബി ജോസഫ്, കെ. ശിവശങ്കരൻ, അജേഷ് നടുവനാട്, സി. രജീഷ്, സന്തോഷ് കീച്ചേരി, മനോഹരൻ വയോറ, പി.വി. അജയകുമാർ, പ്രിജേഷ് അളോറ, കെ. ജയപ്രകാശ്, എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.