അഞ്ച് പ്രതികൾക്ക് ജാമ്യം
പത്ത് പ്രതികൾ കാണാമറയത്ത്
കാസർകോട്: മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ(32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകുന്നു. സംഭവം നടന്ന് ആറു മാസമായിട്ടും ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 16 പ്രതികളുള്ള കേസിൽ ഇതുവരെ അറസ്റ്റ് ചെയ്യാനായത് ആറുപേരെ മാത്രമാണ്.
കൊലപാതകക്കേസുകളിൽ കുറ്റകൃത്യം നടന്ന് 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ റിമാൻഡ് പ്രതികൾക്ക് സ്വാഭാവികമായും ജാമ്യം ലഭിക്കും. അബൂബക്കർ സിദ്ധിഖ് വധക്കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിലായിരുന്ന അഞ്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മഞ്ചേശ്വരം ഉദ്യാവറിലെ റിയാസ് ഹസൻ(33), ഉപ്പള ഭഗവതി ടെമ്പിൾ റോഡ് ന്യൂ റഹ്മത്ത് മൻസിലിലെ അബ്ദുൾറസാഖ്(46), കുഞ്ചത്തൂർ നവാസ് മൻസിലിലെ അബൂബക്കർ സിദ്ദിഖ്(33), ഉദ്യാവർ ജെ.എം റോഡിലെ അബ്ദുൽ അസീസ്(36), അബ്ദുൽറഹീം(41) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കൊലപാതകത്തിന് സഹായം നൽകുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മുഖ്യപ്രതിയായ ഉപ്പള ബായാറിലെ ജെ. അസ്ഫാനെ (26) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ കാസർകോട് ജുഡീഷ്യൽ മജിസ്‌ത്രേട്ട് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. അസ്ഫാന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ പിടികൂടാനുള്ള മറ്റ് പ്രതികൾ ഇപ്പോഴും ഗൾഫിലും നേപ്പാളിലുമായി ഒളിവിലാണ്.
ജൂൺ 26ന് രാത്രിയാണ് അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഗൾഫിലായിരുന്ന സിദ്ധിക്കിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി പൈവളിഗെയിലുള്ള ഇരുനില വീട്ടിൽ തടങ്കലിലാക്കുകയും തുടർന്ന് ബോളംകള കുന്നിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. പിന്നീട് മൃതദേഹം കാറിൽ കയറ്റിക്കൊണ്ടുവന്ന് ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയാണുണ്ടായത്.
പിന്നിൽ ക്വട്ടേഷൻ സംഘം
ട്രാവൽസ് ഉടമ അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാൻ പൈവളിഗെ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗൾഫിലെ ഒരാൾക്ക് നൽകാനായി ഏൽപ്പിച്ച വൻതുക നൽകാതെ അബൂബക്കർ സിദ്ധിഖ് വഞ്ചിച്ചുവെന്നും പണം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്നുമുള്ള നിർദ്ദേശത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പണത്തെക്കുറിച്ച് ക്വട്ടേഷൻ സംഘം ചോദിക്കുന്നതിനിടെ ക്രൂരമർദനത്തിനിരയായി സിദ്ധിഖ് മരണപ്പെടുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.