കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല സ്കൂൾ കായിക മേള 9,10,11 തീയതികളിൽ പുല്ലൂർ ഉദയനഗർ ഹൈസ്കൂളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 63 സ്കൂളുകളിൽ നിന്നും 124 ഇനങ്ങളിലായി 1500 ലധികം കായികപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. 7ന് വിളംബര ജാഥയും 8 ന് കലവറ നിറക്കലും നടക്കും.

9 ന് രാവിലെ 9 ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷനാവും. ബേക്കൽ ഡിവൈ.എസ്.പി സുനിൽകുമാർ സല്യൂട്ട് സ്വീകരിക്കും. ബേക്കൽ എ.ഇ.ഒ സുരേഷ് പതാക ഉയർത്തും. ഡി.ഇ.ഒ സുരേഷ് കുമാർ മുഖ്യാതിഥിയാവും. കണ്ണൂർ രൂപത കോർപ്പറേറ്റ് മാനേജർ ഡോ. ക്ലാരൻസ് പാലിയത്ത് അനുഗ്രഹ ഭാഷണം നടത്തും.

11 ന് വൈകിട്ട് 4 ന് സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

വാർത്താസമ്മേളനത്തിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ, എ.ഇ.ഒ സുരേശൻ, ഹെഡ് മാസ്റ്റർ ജോസ് പ്രകാശ്, പി.ടി.എ പ്രസിഡന്റ് യു. മോഹനൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ. മധു, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എ. സന്തോഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി എടമുണ്ട, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.എം രാജേഷ് ബാബു, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.