കണ്ണൂർ: ഭാഷാ സ്‌നേഹം ഭാഷാ ഭ്രാന്താകരുതെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തിയ മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ സമാപന ഉദ്ഘാടനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കളക്‌ടറേറ്റ് ആംഫി തിയറ്ററിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ മേലുള്ള സ്‌നേഹം വർദ്ധിച്ചാൽ അത് ഭാഷയോടുള്ള ഭ്രാന്തായി മാറും. ഭാഷാ സ്‌നേഹം ഭാഷാ ഭ്രാന്തായി മാറാൻ ഇടവരുത്തരുത്. ഒരു രാജ്യം ഒരു ഭാഷ എന്ന വാദവുമായി കേന്ദ്ര സർക്കാർ പരിശ്രമിച്ചുവരുന്നുണ്ട്. തമിഴ്‌നാട് ഇതിന് കാര്യമായ മറുപടി നൽകി. ഇത് ഒരു കാലത്തും ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഒരു ഭാഷയ്ക്കും മറ്റൊരു ഭാഷയ്ക്കുമേൽ കുത്തകാവകാശം ഇന്ത്യയിൽ നടക്കില്ല. അങ്ങിനെ വന്നാൽ മലയാളി പ്രസംഗിക്കും, പ്ലക്കാർഡ് ഉയർത്തിപ്പിടിക്കും, ഘോഷയാത്ര നടത്തും. എന്നാൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രതിഷേധം കൂടുതൽ തീവ്രമായിരിക്കും. അതുകൊണ്ട് അത് നടക്കില്ല, നടപ്പിലാക്കാൻ പാടില്ലാത്തതുമാണ്. ഭാഷാ വികാരം മതവികാരത്തേക്കാളും മറ്റ് എന്ത് വികാരത്തേക്കാളും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കളക്ടർ എസ്. ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത്, എ.ഡി.എം കെ.കെ. ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തിയ മലയാളദിനാഘോഷം കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു