കാഞ്ഞങ്ങാട്: ഉത്ഥാന ദ്വാദശിയുടെ ഭാഗമായി ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹം തുളസീ ദാമോദര പൂജ കൊണ്ടാടി. നാലുമാസം നീണ്ട യോഗനിദ്രയിൽ നിന്നുണർന്ന ഭഗവാനെ ശ്രീകോവിലിനു പുറത്ത് എഴുന്നള്ളിച്ച് തുളസിത്തറയിലിരുത്തി ആരാധിക്കുന്നതാണ് തുളസീപൂജയുടെ സങ്കൽപം. ഗൗഡസാരസ്വതരുടെ സമുദായക്ഷേത്രങ്ങളിലും തുളസീപൂജ നടക്കും.
ഹൊസ്ദുർഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിൽ വിപുലമായാണ് തുളസീദാമോദര പൂജ നടന്നത്. കരിമ്പ്, മാവില കൊണ്ടുള്ള തോരണം, പൂക്കൾ, ചിരാതുകൾ എന്നിവ കൊണ്ട് അലങ്കരിച്ച തുളസിത്തറയിലേക്ക് ദേവവിഗ്രഹം എഴുന്നള്ളിച്ച് പൂജ നടത്തി. ക്ഷേത്ര പുരോഹിതൻ എച്ച്.യോഗീശ് ഭട്ടാണ് മുഖ്യ കാർമികത്വം വഹിച്ചത്. ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റി എച്ച്.ഗോകുൽദാസ് കാമത്ത് കഴിഞ്ഞ വർഷത്തെ വരവുചിലവു കണക്ക് ഭഗവാനു മുന്നിൽ വായിച്ചു ബോദ്ധ്യപ്പെടുത്തി.
ക്ഷേത്രത്തിലെ പൂജ കഴിഞ്ഞാണ് വീടുകളിൽ പൂജ നടക്കുന്നത്. കമനീയമായി അലങ്കരിച്ച തുളസിത്തറകൾ ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. നിവേദ്യത്തിന് മധുരപദാർത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. കുട്ടികൾ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് ഈ ദിനത്തെ ആഘോഷമാക്കുന്നത്.