office
വിശ്വ സംഗീതം പരിപാടിയുടെ സംഘാടക സമിതി ഓഫീസ് കാസർകോട് ചിന്ന ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: ബഹുഭാഷാ കലകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള കലാസാംസ്കാരിക കൂട്ടായ്മയ്ക്ക് രൂപം നൽകണമെന്ന് കന്നട ചലച്ചിത്ര താരവും മുൻ കൊങ്കിണി സാഹിത്യ അക്കാ‌ഡമി ചെയർമാനും കേരള സംഗീത നാടക അക്കാഡമി അംഗവുമായിരുന്ന കാസർകോട് ചിന്ന അഭിപ്രായപ്പെട്ടു. ഭിന്നതകൾ ഏറെയുണ്ടെങ്കിലും മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി കല മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ അനുസ്മരണാർത്ഥം ഡിസംബർ 17 ന് നീലേശ്വരത്ത് സംഘടിപ്പിക്കുന്ന വിശ്വ സംഗീതം പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. സുരേശൻ, എ. വിനോദ് കുമാർ, സേതു ബങ്കളം, എം.വി ഭരതൻ, പി. ഭാർഗവൻ, ഉഷ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. കെ. സുകുമാരൻ സ്വാഗതവും പി.വി. തുളസി രാജ് നന്ദിയും പറഞ്ഞു.