മാഹി: ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ഒട്ടു മിക്ക ഓഫീസുകളുടേയും പ്രവർത്തനം താളം തെറ്റുന്നു. കാലത്ത് 8.45 മുതൽ വൈകീട്ട് 5.45 വരെയാണ് പ്രവൃത്തി സമയമെങ്കിലും, കാലത്ത് 9.30 മണിയോടെയാണ് പലരും ജോലിക്കെത്തുന്നത്. ഉച്ചക്ക് ഭക്ഷണത്തിന് പോയാൽ ചിലർ രണ്ടര മണി കഴിയും തിരിച്ചത്താൻ. അഞ്ചേമുക്കാൽ വരെ ഓഫീസിലുണ്ടാവേണ്ടവർ നാലര മണിയോടെ സ്ഥലം വിടുകയും ചെയ്യുന്നെന്നാണ് പരാതി.

കൃത്യമായി ഓഫീസിലെത്തുകയും പൂർണ്ണ സമയം കഴിഞ്ഞും ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഓഫീസുകളിൽ പല കാര്യങ്ങൾക്കുമെത്തുന്നവരെ സാങ്കേതികത്വം കണ്ടുപിടിച്ച് വട്ടം കറക്കുന്ന ചില ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. മൂന്ന് വർഷം കൂടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം വേണമെന്ന് നിഷ്‌ക്കർഷിക്കുന്നുണ്ടെങ്കിലും ചിലർ ദശകങ്ങളായി സ്വാധീനമുപയോഗിച്ച് ഒരേ കസേരകളിൽ ചടഞ്ഞിരിപ്പാണ്. ഇത് സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാരിലും കടുത്ത അമർഷത്തിന്നിടയാക്കിയിട്ടുണ്ട്.

ഇത് മൂലം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനശബ്ദം മാഹി പുതുച്ചേരി ചീഫ് സെക്രട്ടറിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പലവട്ടം റീജ്യണൽ അഡ്മിനിസ്‌ട്രേറ്റരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനശബ്ദം യോഗത്തിൽ പ്രസിഡന്റ് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ടി.എം. സുധാകരൻ, സി.എം. സുരേഷ്, ദാസൻ കാണി, ജസീമ മുസ്തഫ, ഷാജി പിണക്കാട്ട്,
ടി.എ. ലതീപ്, എം. മഹേഷ് കുമാർ സംസാരിച്ചു.

രോഗികളെയും വട്ടംകറക്കുന്നു

മാഹി ഗവ: ജനറൽ ആശുപത്രിയിൽ 11 മണി വരെയാണ് ഒ.പി. സമയം. 8 മണിക്ക് വരേണ്ട ഡോക്ടർമാരിൽ പലരും 8.30, ഒൻപത് മണിയോടെ വന്നെത്തുകയും, രണ്ട് മണിക്ക് പോകേണ്ടിടത്ത് ഒരു മണിയോടെ സ്ഥലം വിടുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ഒട്ടുമിക്കവർക്കും സ്വകാര്യ ക്ലിനിക്കിലേക്ക് ഓടാനാണ് താൽപ്പര്യം. ആശുപത്രിയിലെ പഞ്ചിംഗ് മെഷീനും കുറേക്കാലമായി പ്രവർത്തിക്കുന്നില്ല.

സിവിൽ സ്റ്റേഷനിലടക്കം ജോലി സമയത്ത് ചില ഉദ്യോഗസ്ഥരുടെ കസേരകൾ ഒഴിഞ്ഞ് കിടക്കുന്നത് പതിവായിട്ടുണ്ട്. ഇത് മൂലം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണം.

ജനശബ്ദം മാഹി