പയ്യാവൂർ: വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് പുതിയ കാൽവയ്പ്പുകളുമായി ഇരിക്കൂർ. അഡ്വ: സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ വികസനസാദ്ധ്യതകൾ തേടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഹോംസ്റ്റേ പോലുള്ള സാദ്ധ്യതകൾ വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞമാസം 27ാം തീയതി ചെമ്പേരിയിൽ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. നൂറിലേറെ പേർ പങ്കെടുത്തു. ഹോം സ്റ്റേ യെപറ്റി കൃത്യമായ അവബോധം ഉണ്ടാക്കാൻ ഈ പരിശീലനത്തിന് കഴിഞ്ഞു.
നവംബർ 21, 22 തീയതികളിൽ പൈതൽ മലയിൽ വച്ച് ഒരു നിക്ഷേപ സംഗമവും സെമിനാറും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിയോജകമണ്ഡലത്തിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളവരും പുതുതായി നിക്ഷേപം നടത്താൻ താല്പര്യം ഉള്ളവരും ഈ സംഗമത്തിൽ പങ്കെടുക്കും. വ്യവസായ മന്ത്രി അടക്കം പ്രമുഖരും സംബന്ധിക്കും.
വശ്യമായ കാലാവസ്ഥ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹീതമായ ഇരിക്കൂറിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കാപ്പി മലയും, പൈതൽ മലയും, പാലക്കയം തട്ടും, കാഞ്ഞിരക്കൊല്ലിയും, ഏഴരക്കുണ്ട് വെള്ളച്ചാട്ടവും അടക്കം നിരവധി പ്രദേശങ്ങൾ ഇതിനോടകം വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളാണ്. വ്യക്തമായ ആസൂത്രണവും കാലഘട്ടത്തിനനുസൃതമായ ഇടപെടലും ഉണ്ടെങ്കിൽ ഈ പ്രദേശങ്ങൾ ലോക ടൂറിസം ഭൂപടത്തിൽ വ്യക്തമായ ഇടം പിടിക്കാനാകും.
വ്യക്തമായ ആസൂത്രണത്തോടു കൂടി മാത്രമേ ശാശ്വത വികസനം ഉറപ്പുവരുത്താൻ കഴിയൂ. കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം, മാമാനിക്കുന്ന് ക്ഷേത്രം, മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന നിലാമുറ്റം മഖാം, പഴയങ്ങാടി മാലിക് ദിനാർ മസ്ജിദ്, തീർത്ഥാടന ടൂറിസം ഭൂപടത്തിൽ നേരത്തെ ഇടംനേടിയിട്ടുളള ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി, ആലക്കോട് സെന്റ് മേരിസ് ചർച്ച്, മടമ്പം ഫെറോന ചർച്ച്, കുടിയേറ്റത്തിന്റെ ചരിത്രം പറയുന്ന വള്ളോപ്പള്ളി മ്യൂസിയം എന്നിവയെല്ലാം ഇരിക്കൂറിന്റെ തീർത്ഥാടന ടൂറിസം സാദ്ധ്യതകളാണ്.
വളപട്ടണം പുഴ അടക്കം ജല ടൂറിസം സാദ്ധ്യതകളും ഉപയോഗപ്രദമാക്കണം. കണ്ണൂർ വിമാനത്താവളം, പയ്യാമ്പലം ബീച്ച് , കണ്ണൂർ കോട്ട, ബേക്കൽ ഫോർട്ട്, കൂർഗ് മലനിരകളുടെ സാമീപ്യം ഒക്കെ ചേർന്നുണ്ടാകുന്ന ടൂറിസം സർക്യൂട്ട് വികസിച്ചു വരുമ്പോൾ അതിലെ പ്രമുഖമായ സ്ഥാനം ഇരിക്കൂറിന് തന്നെ ആയിരിക്കും.
സംരംഭകരുടെ സംഗമത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തങ്ങളുടെ പ്രോജക്ട് വിവരങ്ങൾ അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 9778548241 ഫോൺ നമ്പറിൽ രജിസ്റ്രർ ചെയ്യാം.