പയ്യാവൂർ: ടൗണിൽ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനും വ്യാപാരം സുഗമമായി നടത്തുന്നതിനും ഉപകരിക്കുന്ന രീതിയിൽ സ്വകാര്യ പാർക്കിംഗ് സംവിധാനം ഇന്നു നിലവിൽ വരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ അറിയിച്ചു. പയ്യാവൂർ ദേവസ്വത്തിന്റെ കൈവശമുള്ള ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളും ബൈപാസ് റോഡിലെ വിശാലമായ ക്ഷേത്രം വക ഗ്രൗണ്ടും ഉപയോഗിച്ചാണ് പഞ്ചായത്ത് കുടുംബശ്രീ നേതൃത്വം കൊടുക്കുന്ന പാർക്കിംഗ് സംവിധാനം നിലവിൽ വരുന്നത്.
പല തവണ വ്യാപാരി വ്യവസായി പ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സാമൂഹ്യ സംഘടനാ പ്രതിനിധികളുടെയും യോഗം ചേർന്ന് ആലോചന നടത്തിയതിനു ശേഷം ഭരണ സമിതിയിൽ അംഗീകാരം തേടുകയായിരുന്നു. കാർ, ജീപ്പ് വാഹനങ്ങൾക്ക് പത്ത് രൂപയും ബൈക്കിന് അഞ്ച് രൂപയും , ഹെവി വാഹനങ്ങൾക്ക് 50 രൂപയും മിനിമം വാടക നിശ്ചയിച്ചാണ് നാല് പേർ ചേർന്ന കുടുംബശ്രീ സംരംഭം എന്ന നിലയിൽ പ്രവർത്തനമാരംഭിക്കുന്നത്. ഈ പാർക്കിംഗ് സംവിധാനം നിലവിൽ വരുന്നതോടെ ടൗണിലെ വൺവേ സംവിധാനവും ക്രമീകരിക്കും.
പയ്യാവൂർ ടൗണിൽ നിന്ന് ഉളിക്കൽ റോഡിൽ പെട്രോൾ പമ്പ് വരെയും, ശ്രീകണ്ഠപുരം റോഡിൽ എൻ.എസ്.എസ് ഓഡിറ്റോറിയം റോഡ് വരെയും, ചെമ്പേരി റോഡിൽ മൂരിക്കടവ് കള്ള് ഷാപ്പ് റോഡ് വരെയും, ചന്ദനക്കാംപാറ റോഡിൽ വെള്ളാംതോട് കലുങ്കു വരെയും, കുന്നത്തൂർ റോഡിൽ പി.സി.ഡി.പി ഹാൾവരെയും ഇനി മുതൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. പാർക്കിംഗ് നിയന്ത്രണവുമായി ബന്ധപ്പെട്ട സംയുക്ത യോഗ തീരുമാനമാണിത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ജോസഫ്, പൊലീസ് സബ് ഇൻസ്‌പെക്ടർ രാമചന്ദ്രൻ, സി.പി.എം നേതാക്കളായ ടി.എം ജോഷി, കെ.ടി അനിൽകുമാർ, കോൺഗ്രസ് നേതാക്കളായ ഇ.കെ കുര്യൻ, ജിത്തു തോമസ്, ദേവസ്വം ചെയർമാൻ പി. സുന്ദരൻ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ശിവദാസൻ, പഞ്ചായത്തംഗങ്ങൾ, വ്യാപാരി വ്യവസായി നേതാക്കൾ എന്നിവരും പങ്കെടുത്തു.