കാഞ്ഞങ്ങാട്: യു.ബി.എം.സി.എ.എൽ.പി സ്കൂൾ ആതിഥേയത്വം വഹിക്കുന്ന ഹോസ്ദുർഗ് സബ്‌ജില്ലാ സ്‌കൂൾ കലോത്സവം 8, 9,14,15, 16 തീയതികളിൽ 11 വേദികളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

8, 9 തീയതികളിൽ സ്റ്റേജിതര മത്സരങ്ങൾ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രധാന വേദിയായ ടൗൺ സ്ക്വയറിൽ 14ന് വൈകിട്ട് 5ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിക്കും. 5 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 5000 ഓളം കുട്ടികൾ പങ്കെടുക്കും.12 ന് വൈകിട്ട് കലവറ - വിളംബര ഘോഷയാത്രങ്ങൾ നടക്കും.

ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ് ഓഡിറ്റോറിയം, മുൻസിപ്പൽ ടൗൺ ഹാൾ, വ്യാപാരഭവൻ കാഞ്ഞങ്ങാട്, ഇസത്തുൽ ഇസ്ലാം മദ്രസ ഹാൾ പുതിയ കോട്ട, എം.എൻ സ്മാരക മന്ദിരം, എ.സി കണ്ണൻ നായർ പാർക്ക്, ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ് ഹാൾ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാൾ എന്നീ സ്ഥലങ്ങളാണ് മറ്റ് വേദികൾ. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം.

വാർത്താ സമ്മേളനത്തിൽ സംഘടക സമിതി ചെയർമാൻ കെ.വി സുജാത, വർക്കിംഗ് ചെയർമാൻ പി.കെ നിഷാന്ത്, ജനറൽ കൺവീനർ എം.പി രാജീവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.കെ ഉണ്ണികൃഷ്ണൻ, ഹോസ്ദുർഗ് എ.ഇ.ഒ കെ.എ അഹമ്മദ് ഷെരീഫ്, എം.ടി രാജീവൻ, ടി.ടി.വി ലീല, അശോകൻ കല്ലുവളപ്പിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.