hermen-hesse

കണ്ണൂർ : ജർമ്മൻ കവിയും നോവലിസ്റ്റും ചിത്രകാരനുമായ ഹെർമ്മൻ ഹെസ്സേയുടെ ചിത്രം കടൽ കടക്കുമ്പോൾ ചിത്രകാരൻ എബി എൻ. ജോസഫിന് സ്വപ്നസാഫല്യം. ഹെർമ്മൻ ഹെസ്സെയുടെ വിഖ്യാത നോവലായ സിദ്ധാർത്ഥയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് എബി വരച്ച ഹെസ്സെ ചിത്ര ജർമ്മനിയിലേക്ക് കൊണ്ടുപോകുന്നത്.

ഹെസ്സേയുടെ മുത്തച്ഛൻ ഹെർമ്മൻ ഗുണ്ടർട്ടിന്റെ കാൽപ്പാടുകൾ പതിഞ്ഞ തലശേരിയിലെ ഇല്ലിക്കുന്നിലും മറ്റും 1950കളിൽ സന്ദർശിച്ചതായി ചരിത്ര രേഖകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്ര രേഖകളിലും മറ്റും വിവരിക്കുന്ന ഹെർമ്മൻ ഹെസ്സെയെ വർഷങ്ങളായി കൂടുതലറിയാനുള്ള യാത്രയിലായിരുന്നു എബി. ഹെസ്സേയുടെ ഛായാചിത്രം ജർമനിയിലെ കാൾഫ് നഗരത്തിലെ, നവീകരിച്ച ഹെർമ്മൻ ഹെസ്സേ മ്യൂസിയത്തിലെ പ്രധാന കവാടത്തിൽ അതിഥികളെ സ്വാഗതം ചെയ്യും.
സിദ്ധാർത്ഥ എന്ന നോവലിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള നവീകരണ പ്രവൃത്തികളാണ്
കാൾഫിൽ നടന്നുകൊണ്ടിരിക്കുന്നത്. എണ്ണച്ചായത്തിൽ 100x130 സെന്റിമീറ്റർ വലിപ്പത്തിൽ, ചിയറോ സ്‌കൂറോ സമ്പ്രദായത്തിൽ വരച്ച ചിത്രമാണ് കടൽ കടക്കുന്നത്. നവോത്ഥാനകാല രചനകളിൽ റെംബ്രാൻഡ്, കരവാജിയോ തുടങ്ങിയ ചിത്രകാരന്മാർ പിന്തുടർന്ന രചനാ രീതിയായിരുന്നു ചിയാറോ സ്‌കൂറോ.ഏക ദീപവിന്യസം സങ്കല്പിച്ചു രചിക്കുമ്പോഴുള്ള വിവിധസ്ഥായികളാണ് ചിത്രത്തിന് ജീവൻ നൽകുന്നത്.
നൂറിലേറെ ദിവസങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തിയായത്.21 ന് ബാംഗ്ലൂർ ചിത്രകലാ പരിഷത്ത് അങ്കണത്തിൽ വച്ച് ചിത്രം കൈമാറും.

ഹെർമൻ ഹെസേ

നിഘണ്ടുവും ആദ്യ പത്രവുമടക്കം മലയാളത്തിന് മറക്കാനാകാത്ത സംഭാവനയർപ്പിച്ച ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചുമകൻ.
നോബൽ സമ്മാനജേതാവായ ജർമ്മൻകാരൻ ഹെർമൻ ഹെസ്സേ ജർമ്മനിൽ എഴുതിയ നോവലാണ് സിദ്ധാർത്ഥ.
1951ൽ അമേരിയ്ക്കയിൽ വെച്ച് പ്രസിദ്ധീകരിയ്ക്കപ്പെട്ട ഈ നോവൽ ലോകത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഹെസ്സേ നോവലിന്റെ ആദ്യ ഭാഗം ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തും, കവിയുമായ റൊമൈൻ റോളണ്ടിനും രണ്ടാമത്തെ ഭാഗം ഭാഷാ പണ്ഡിതനായിരുന്നു വിൽഹം ഗുണ്ടർട്ടിനുമാണ് സമർപ്പിച്ചത്. ക്രിസ്തുവിന്റെ ജനനത്തിനു ആറു നൂറ്റാണ്ടുകൾക്കു മുമ്പ് പ്രാചീന ഭാരതത്തിലെ ഗൗതമ കാലഘട്ടമാണ് ഈ നോവലിന്റെ പശ്ചാത്തലം.