കാസർകോട്: പൈവളിഗെ സ്വദേശിനിയുടെ 130 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. കയ്യാർ സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരനുമായ അജ്മൽ (33) ആണ് അറസ്റ്റിലായത്. അജ്മലിന്റെ സഹോദരൻ ആരിഫിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.
യുവതിയുടെ സ്വർണാഭരണങ്ങൾ ഒരു വർഷത്തിനിടെ പല ആവശ്യങ്ങൾക്കെന്ന പേരിൽ ആരിഫും അജ്മലും ചേർന്ന് വാങ്ങുകയും തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പല പ്രാവശ്യം ചോദിച്ചിട്ടും തിരിച്ചുതന്നില്ലെന്നും പരാതിയിൽ പറയുന്നു. മൂന്ന് മാസം മുമ്പാണ് യുവതി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയത്. അജ്മൽ കർണാടകയുടെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
കർണ്ണാടകയിൽ നിന്നും രഹസ്യമായി ഞായറാഴ്ച ഉച്ചയോടെ കടമ്പാറിൽ എത്തിയപ്പോൾ മഞ്ചേശ്വരം അഡീഷണൽ എസ്.ഐ. എസ്.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.